പാളംതെറ്റിയ തീവണ്ടി നിര്‍ത്താം, ദുരന്തം ഒഴിവാക്കാം..

Posted on: 08 Aug 2015ശാസ്ത്രലോകത്തെ പുതിയ കണ്ടെത്തലുകളുമായി 'ഇന്‍സ്​പയര്‍' പ്രദര്‍ശനം


കണ്ണൂര്‍: തീവണ്ടി പാളംതെറ്റലും ബോഗികള്‍മറിഞ്ഞ് യാത്രക്കാര്‍ മരിക്കുന്നതും തടയാം. ഇതിനുള്ള മാതൃക കാണിച്ചുതരികയാണ് എളയാവൂര്‍ യു.പി. സ്‌കൂള്‍ വിദ്യാര്‍ഥി എസ്.ദേവനന്ദന്‍. ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഇന്‍സ്​പയര്‍ ശാസ്ത്രമേളയിലാണ് ഈ മിടുക്കന്റെ മാതൃക ശ്രദ്ധേയമായത്.
ശാസ്ത്രസാങ്കേതികവകുപ്പും പൊതുവിദ്യാഭ്യാസവകുപ്പും ചേര്‍ന്നൊരുക്കിയ 'ഇന്‍സ്​പയര്‍' പ്രദര്‍ശനം കുട്ടികളുടെ വേറിട്ട കണ്ടുപിടിത്തങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയായി.
പാസ്‌കല്‍ നിയമതത്ത്വമനുസരിച്ചാണ് ദേവനന്ദന്‍ തീവണ്ടിയുടെ സുരക്ഷാ സംവിധാനങ്ങളൊരുക്കിയത്. ബാറ്ററി, ടൈംപീസ് മോട്ടോര്‍, അലാറം, സിറിഞ്ചിന്റെ പിസ്റ്റണുകള്‍ എന്നിവ ഉപയോഗിച്ച് ബ്രേക്കിങ് സംവിധാനങ്ങളും മരങ്ങള്‍ ഉപയോഗിച്ച് തീവണ്ടിയുടെ ബോഗികളും ചക്രങ്ങളും നിര്‍മിച്ചു. പാളംതെറ്റുന്ന തീവണ്ടി എന്‍ജിന്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്കി പെട്ടെന്ന് ഓട്ടംനിര്‍ത്തുന്നതാണ് പ്രവര്‍ത്തനരീതി.
കാസര്‍കോട് ജില്ലയിലെ എ.എസ്.ബി.എസ്. കുട്ടിക്കാനം യു.പി. സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥിനി നന്ദന 'പെഡല്‍ പവേര്‍ഡ് ഫോണ്‍ ചാര്‍ജറു'മായാണെത്തിയത്. ഐന്‍സ്റ്റീന്റെ ഊര്‍ജസംരക്ഷണ നിയമതത്ത്വമാണ് ഇതിന് ഉപയോഗിച്ചത്. യാന്ത്രികോര്‍ജത്തെ വൈദ്യുതോര്‍ജമാക്കി മാറ്റി സൈക്കിളില്‍ ഘടിപ്പിച്ച ചാര്‍ജറിലൂടെ മൊബൈല്‍ഫോണ്‍ ചാര്‍ജുചെയ്യാമെന്ന് തെളിയിക്കുന്നതായിരുന്നു ഈ കണ്ടെത്തല്‍. പച്ചക്കറികള്‍ക്ക് കീടനാശിനി തളിക്കാന്‍ ചെരുപ്പില്‍ ഘടിപ്പിക്കുന്ന ബി.പി. ബള്‍ബുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഓട്ടോ സ്‌പ്രെയറുമായാണ് പെരളശ്ശേരി എ.കെ.ജി. സ്മാരക സ്‌കൂളിലെ അനുശ്രീ എത്തിയത്. ഹൈഡ്രോളിക് വിവിധോദ്ദേശ്യ ഉപകരണങ്ങള്‍, ഊര്‍ജം ലാഭിക്കാനുള്ള ഉപകരണം, മാലിന്യസംസ്‌കരണത്തിന്റെ നൂതനമാര്‍ഗങ്ങള്‍, ആഗോളതാപനം തടയേണ്ടതിനെക്കുറിച്ചുള്ള മാതൃകകള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ടായിരുന്നു.
മുപ്പതിലധികം പ്രോജക്ടുകള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. മലയാളിയുടെ മാറേണ്ട ഭക്ഷണരീതിയെപ്പറ്റി പ്രതിപാദിക്കുന്നതായിരുന്നു ഇവയില്‍ മിക്കവയും. പ്ലാസ്റ്റിക് കുപ്പികളില്‍ അനേകകാലം ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്നത് ഹാനികരമാണെന്ന കണ്ടെത്തലുമായാണ് വലിയമാടാവ് യു.പി. സ്‌കൂളിലെ നേഹ എത്തിയത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഗവേഷണപ്രബന്ധങ്ങളും വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നുള്ള 72 വിദ്യാര്‍ഥികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തു. ഇതില്‍ 13 പേര്‍ സംസ്ഥാന ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ.സരള ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷ റോഷ്‌നി ഖാലിദ് അധ്യക്ഷതവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.വസന്തന്‍, സി.എം.ബാലകൃഷ്ണന്‍, യു.കരുണാകരന്‍, കെ.കെ.ശോഭന, സി.ദേവരാജ്, സി.മോഹന്‍ദാസ്, എന്‍.സതീശന്‍, പി.പി.മനോജ് കുമാര്‍, സി.എം.ആശ, എന്‍.ടി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod