വ്യാജ പട്ടയമുണ്ടാക്കി ഭൂമിവില്പന നടത്തിയതിന് കേസ്‌

Posted on: 08 Aug 2015ആദൂര്‍: വ്യാജ പട്ടയമുണ്ടാക്കി ഭൂമിവില്പന നടത്തിയതിന് യുവാവിന്റെ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്തു. മുളിയാര്‍ ബാലനടുക്കത്തെ അബ്ദുല്‍ഗഫൂര്‍, പട്ടയമുണ്ടാക്കുന്നതിന് കൂട്ടുനിന്ന റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
മുളിയാര്‍ എട്ടാംമൈലിലെ നൗഷാദാണ് പരാതിക്കാരന്‍.
2010-ലാണ് 28 സെന്റ് സ്ഥലം അബ്ദുള്‍ഗഫൂറില്‍നിന്ന് 17ലക്ഷം രൂപയ്ക്ക് നൗഷാദ് വാങ്ങിയത്. പിന്നീട് വിദേശത്തായിരുന്ന നൗഷാദ് നാട്ടിലെത്തി ഭൂമിസംബന്ധമായ രേഖകള്‍ അന്വേഷിച്ചപ്പോഴാണ് വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലായത്. അബ്ദുള്‍ ഗഫൂര്‍ വ്യാജപട്ടയമുണ്ടാക്കിയാണ് സ്ഥലം തനിക്ക് വിറ്റതെന്ന് മനസ്സിലാക്കിയ നൗഷാദ് ഉടന്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
2005-ലാണ് 28 സെന്റ് സ്ഥലത്തിന് അബ്ദുള്‍ഗഫൂര്‍ വ്യാജപട്ടയമുണ്ടാക്കിയത്. ഇതിന് അന്നത്തെ തഹസില്‍ദാരും വില്ലേജ് ഓഫീസറുമടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായും നൗഷാദിന്റെ പരാതിയില്‍ പറയുന്നു.

More Citizen News - Kasargod