മന്ത്രിയെക്കണ്ട് സങ്കടം പറഞ്ഞു; ശിവപ്രിയയുടെ ചികിത്സയ്ക്ക് വഴിയൊരുങ്ങി

Posted on: 08 Aug 2015രാജപുരം: മനസ്സുവിങ്ങുന്ന വേദനയുമായി മകളെയും മാറത്തുചേര്‍ത്ത് മന്ത്രിയുടെ വരവിന് കാത്തിരിക്കുമ്പോള്‍ തുടര്‍ചികിത്സയ്ക്ക് സഹായം ലഭിക്കുമോയെന്ന ആശങ്കയിലായിരുന്നു ഈ അമ്മ. എന്നാല്‍, മകളുടെ വേദന സങ്കടത്തോടെ മന്ത്രിയെ ബോധിപ്പിച്ചപ്പോള്‍ ആശങ്കയ്ക്ക് വിരാമമമായി. സൗജന്യചികിത്സയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്കിക്കൊണ്ടാണ് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ ഈ കുടുംബത്തിന് കൈത്താങ്ങായത്. പാണത്തൂര്‍ അരിപ്രോട്ട് വാടകവീട്ടില്‍ കഴിയുന്ന വിനീഷിന്റെ മകള്‍ രണ്ടരവയസ്സുകാരി ശിവപ്രിയയുടെ തുടര്‍ചികിത്സയ്ക്ക് സഹായ അപേക്ഷയുമായാണ് പാണത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ മന്ത്രിയെത്തുന്ന ചടങ്ങിലേക്ക് അമ്മ രേഷ്മ മകളെയും കൂട്ടിയെത്തിയത്. നട്ടെല്ലിനു മുഴയുമായി ജനിച്ച ശിവപ്രിയയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി. കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തും നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം കുട്ടിയുടെ അരയ്ക്കുതാഴെ ചലനശേഷി കുറയുകയും മലമൂത്ര വിസര്‍ജനം തടസ്സപ്പെടുകയുമായിരുന്നു. അസുഖം മാറണമെങ്കില്‍ തുടര്‍ചികിത്സ നടത്തണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. കുട്ടിയുടെ ചികിത്സ നടത്തി സാമ്പത്തികമായി തകര്‍ന്നതോടെ തുടര്‍ചികിത്സയ്ക്ക് പണം കണ്ടെത്താനാവാത്ത സ്ഥിതിയായി. ഇതോടെയാണ് കുടുംബം സഹായം തേടി മന്ത്രിക്കരികിലെത്തിയത്.

More Citizen News - Kasargod