യുവതിയെ ഇറക്കിവിട്ടു; പോലീസ് ഇടപെട്ടു

Posted on: 08 Aug 2015'മണലിലേക്കാണോ; ഈ ഓട്ടോ പോകില്ല'


കാഞ്ഞങ്ങാട്:
'കിഴക്കുംകര മണലിലേക്കാണോ, പോകാന്‍ പറ്റില്ല; ഇറങ്ങിക്കൊള്ളൂ'- ഒന്നല്ല, ഒന്നിലേറെ ഓട്ടോഡ്രൈവര്‍മാര്‍ ഇതുതന്നെ ആവര്‍ത്തിച്ച് യാത്രക്കാരിയെ ഇറക്കിവിട്ടു. തുടര്‍ന്ന് പോലീസ് ഇടപെടുകയും മറ്റൊരു ഓട്ടോറിക്ഷയില്‍ യാത്രക്കാരിയെ കയറ്റിവിടുകയും ചെയ്തു.
കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡിന് മുമ്പില്‍ കിഴക്കുംകര മണലിലെ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. വെള്ളിയാഴ്ച വൈകിട്ടോടെ യുവതി ക്യൂവിലുള്ളതില്‍ മുന്നിലെ ഓട്ടോറിക്ഷയില്‍ കയറി മണലിലേക്ക് പോകണമെന്ന് പറഞ്ഞു. പറ്റില്ലെന്നായി ഡ്രൈവര്‍. ഇറക്കിവിടുകയുംചെയ്തു. തുടര്‍ന്ന് യുവതി പിറകിലുള്ള ഓട്ടോറിക്ഷയില്‍ കയറി. ആ ഡ്രൈവറും ഇതുതന്നെ ആവര്‍ത്തിച്ചു. മണല്‍ പ്രദേശത്ത് വെള്ളം കെട്ടിനില്ക്കുന്നുവെന്നും അങ്ങോട്ട് സര്‍വീസ് നടത്താന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രണ്ടു ഡ്രൈവര്‍മാരും ഇറക്കിവിട്ടത്. തുടര്‍ന്ന് യാത്രക്കാരി പോലീസ് എയിഡ്‌പോസ്റ്റിലെത്തി പരാതിപ്പെട്ടു. അപ്പോഴേക്കും മുമ്പിലുള്ള രണ്ട് ഓട്ടോറിക്ഷയും ട്രിപ്പ് പോകുകയുംചെയ്തു. മറ്റൊരു ഓട്ടോറിക്ഷയില്‍ പോലീസുകാര്‍ യുവതിയെ കയറ്റിവിട്ടു. തുടര്‍ച്ചയായി ദിവസങ്ങളോളം മഴപെയ്താല്‍മാത്രമേ മണല്‍പ്രദേശത്ത് വെള്ളം കെട്ടിനില്ക്കാറുള്ളൂവെന്നും മിനിമംദൂരമായതിനാല്‍ ഇല്ലാത്തകാരണങ്ങള്‍ പറഞ്ഞ് ഓട്ടോഡ്രൈവര്‍മാര്‍ യാത്രക്കാരെ ഒഴിവാക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. മുമ്പ് രാത്രികാലങ്ങളില്‍ മാത്രമായിരുന്നു ഓട്ടോഡ്രൈവര്‍മാരുടെ ഇന്റര്‍വ്യൂ. ഇപ്പോള്‍ അത് പകല്‍സമയത്തുമായെന്ന് യാത്രക്കാരും പരാതിപ്പെടുന്നു. അതേസമയം, എല്ലാ ഓട്ടോറിക്ഷക്കാരെയും ഒരുപോലെ കാണരുതെന്നും ചിലര്‍മാത്രമാണ് ഇത്തരത്തില്‍ പറയിപ്പിക്കുന്നതെന്നും ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ കാഞ്ഞങ്ങാട് ഡിവിഷന്‍ സെക്രട്ടറി രാഘവന്‍ പള്ളത്തുങ്കാല്‍ പറഞ്ഞു.

More Citizen News - Kasargod