മയ്യിച്ചയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് 40 പേര്‍ക്ക് പരിക്ക്

Posted on: 08 Aug 2015
ചെറുവത്തൂര്‍:
മയ്യിച്ചയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ദേശീയപാതയോരത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് 40 പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ചെറുവത്തൂര്‍ കെ.എ.എച്ച്. ഹോസ്​പിറ്റല്‍, നീലേശ്വരം തേജസ്വിനി ഹോസ്​പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രാഥമികചികിത്സയ്ക്ക് വിധേയരാക്കി. സാരമായി പരിക്കേറ്റവരെ പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ്, ജില്ലാ ആസ്​പത്രി എന്നിവിടങ്ങളിലേക്ക് മാറ്റി.

വെള്ളിയാഴ്ച രാവിലെ 6.40-ഓടെയായിരുന്നു അപകടം. കാസര്‍കോട്ടുനിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ടൗണ്‍ ടു ടൗണ്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് തൊട്ടുമുമ്പ് കാര്യങ്കോട് സ്റ്റോപ്പില്‍വെച്ചും യാത്രക്കാരെ കയറ്റിയിരുന്നു. രാവിലെയായതിനാല്‍ 50-ഓളം യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു.

എതിരെവരികയായിരുന്ന ടാങ്കറിനെ മറികടന്നെത്തിയ മീന്‍വണ്ടിയില്‍നിന്ന് രക്ഷനേടാനുള്ള ശ്രമത്തില്‍ അരികുചേര്‍ത്തെടുക്കുമ്പോഴാണ് ബസ് മറിഞ്ഞത്.

ദേശീയപാതയില്‍നിന്ന് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ ബസ്സിന്റെ ഷട്ടറുകള്‍ തകര്‍ത്താണ് യാത്രക്കാര്‍ രക്ഷപ്പെടുകയും കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തുകയുംചെയ്തത്. കാസര്‍കോട് ഡിപ്പോയിലെ ജീവനക്കാരും ആസ്​പത്രിയിലേക്കും അമ്പലങ്ങളിലേക്കും പോകുന്നവരുമാണ് ബസ്സിലുണ്ടായിരുന്നതിലേറെയും. അതിനാല്‍ ഒരേ കുടുംബത്തിലെ രണ്ടും മൂന്നും പേര്‍ അപകടത്തില്‍പ്പെട്ടു.
അപകടമറിഞ്ഞെത്തിയ പരിസരവാസികള്‍, തൊട്ടടുത്ത ആസ്​പത്രികളിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍, തൃക്കരിപ്പൂര്‍ അഗ്നിരക്ഷാസേന, ചന്തേര പോലീസ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. ബസ് മറിഞ്ഞത് വെള്ളക്കെട്ടിലേക്കായതിനാല്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ മിക്ക യാത്രക്കാരുടെയും പഴ്‌സ്, മൊബൈല്‍ഫോണ്‍ തുടങ്ങിയവ നഷ്ടപ്പെട്ടു.
ചെറുവത്തൂര്‍ കെ.എ.എച്ച്. ഹോസ്​പിറ്റലില്‍ ചികിത്സ തേടിയവര്‍: എന്‍.രമേശന്‍ (50) എടക്കാട്, ഭാര്യ പി.കെ.അജിത (40), കെ.എസ്.ആര്‍ടി.സി. പയ്യന്നൂര്‍ ഡിപ്പോ ജീവനക്കാരന്‍ സി.എന്‍.പദ്മകുമാര്‍ (44) മാവുങ്കാല്‍, കാഞ്ഞങ്ങാട് സൗത്തിലെ എ.സതീശന്‍ (29), ഭാര്യ വിദ്യ (26), മകള്‍ ആവണി (3), നീലേശ്വരം അരയാലിന്‍കീഴിലെ പി.കെ.രത്‌നാകരന്‍ (48), ഭാര്യ സതി (37), മകള്‍ ആര്യ (17), ആലക്കോട് സ്വദേശിനി ആശാ സുേരഷ് (18), സഹോദരി അനിഷ (16), സഹോദരന്‍ അഭിജിത്ത് (14), ബസ് കണ്ടക്ടര്‍ സി.കെ.നിതീഷ്‌കുമാര്‍ (35) ആനിക്കാടി, പടന്നയിലെ ഇബ്രാഹിംകുട്ടി (49), കെ.എസ്.ആര്‍ടി.സി. ജീവനക്കാരന്‍ നൗഷാദ് (34) ചാലോട്, കെ.നൗഷാദ് കാക്കടവ്, എം.കെ.മോഹനന്‍ (45).
ജില്ലാ ആസ്​പത്രിയില്‍ ചികിത്സ തേടിയവര്‍: ബസ് ഡ്രൈവര്‍ എ.വിക്രം (50), അബ്ദുള്‍ഖാദര്‍ (33) കാസര്‍കോട്, സുധീഷ് (35) കണ്ണൂര്‍, എന്‍.രാമദാസ് (57), സതീദേവി (നീലേശ്വരം), റിജേഷ് (37) നീലേശ്വരം, കെ.ചന്ദ്രന്‍ (50) ഞീണിക്കടവ്, ലക്ഷ്മി (67) കണ്ണൂര്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ശൈലജ (40). അപകടം തുടര്‍ക്കഥയായ മയ്യിച്ചയില്‍ സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനങ്ങള്‍ പാഴ്വാക്കാവുകയാണ്. മയ്യിച്ചയില്‍ ദേശീയപാതയ്ക്ക് ഇരുവശവും വീതികൂട്ടി സുരക്ഷാവേലികള്‍ സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം.

More Citizen News - Kasargod