എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍ പാളുന്നു; സര്‍ക്കാര്‍സുരക്ഷ വേണമെന്ന് എച്ച്.ഐ.എല്‍.

Posted on: 08 Aug 2015കാസര്‍കോട്: സംസ്ഥാനത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഗോഡൗണുകളില്‍ സൂക്ഷിച്ച 1900 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കി നശിപ്പിക്കാനുള്ള നീക്കം പാളുന്നു. എന്‍ഡോസള്‍ഫാന്‍ കൊച്ചിയില്‍ നശിപ്പിക്കുന്നതിന് എറണാകുളം ജില്ലാ ഭരണകൂടം അതൃപ്തി പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണിത്. ജനരോഷമുണ്ടാകുമെന്ന കണ്ടെത്തലാണ് ഇതിനുപിന്നില്‍.

പ്ലാന്റില്‍ എത്തിച്ചാല്‍ നിര്‍വീര്യമാക്കുമെന്ന് ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ് ലിമിറ്റഡ് (എച്ച്.ഐ.എല്‍.) അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍സുരക്ഷ വേണമെന്നമെന്നാണ് എച്ച്.ഐ.എല്ലിന്റെ ആവശ്യം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടായാല്‍ മാത്രമെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ സെല്‍ അധികൃതര്‍ക്ക് മുന്നോട്ടുപോകാനാകൂ. സര്‍ക്കാര്‍തീരുമാനം വൈകിയാല്‍ നിര്‍വീര്യമാക്കല്‍ അനന്തമായി നീളും. ഇത് കാസര്‍കോട്ടും പാലക്കാട്ടും വീണ്ടും പ്രശ്‌നംസൃഷ്ടിക്കും.

കാസര്‍കോട്ടെയും മണ്ണാര്‍ക്കാട്ടെയും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഗോഡൗണുകളില്‍ എച്ച്.ഡി.പി.ഇ. (ഹൈഡെന്‍സിറ്റി പോളിഎത്തിലിന്‍) ബാരലുകളില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ സാമ്പിള്‍ എച്ച്.ഐ.എല്‍. പരിശോധിച്ചിട്ടുണ്ട്. പ്രാഥമികനടപടി പൂര്‍ത്തിയായതായി പ്രൊഡക്ഷന്‍ മാനേജര്‍ സന്തോഷ് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കി വിഷരഹിതമാക്കാനുള്ള സാങ്കേതികസംവിധാനം എച്ച്.ഐ.എല്ലിലുണ്ട്. വിഷരഹിത എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കുമെന്ന് സംസ്ഥാനത്തെ ഖരമാലിന്യ സംസ്‌കരണകേന്ദ്രമായ അമ്പലമുകളിലെ കേരള എന്‍വിയോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെ.ഇ.ഐ.എല്‍.) നേരെത്തെ അറിയിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നിരുന്നു. എന്‍ഡോസള്‍ഫാന്‍ ഇപ്പോഴും ഉപയോഗിക്കുന്ന വിദേശരാജ്യങ്ങളിലേക്ക് നശിപ്പാക്കാനായി കയറ്റുമതിചെയ്യണമെന്നായിരുന്നു നിര്‍ദേശം. പക്ഷേ, ഇതിന് രാജ്യാന്തരടെന്‍ഡര്‍ വിളിക്കണം. അതിനാല്‍ ഈ നിര്‍ദേശം നടപ്പായില്ല.

കേരളത്തിന് പുറത്തുകൊണ്ടുപോയി പ്രകൃതിക്ക് ഇണങ്ങുംവിധം നിര്‍വീര്യമാക്കാന്‍ താത്പര്യപ്പെട്ട് പ്രധാന കമ്പനികള്‍ക്ക് കത്തയച്ചിട്ടും ആരും വന്നില്ല. എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ 10 ലക്ഷം രൂപയാണ് വകയിരുത്തിയത്.

More Citizen News - Kasargod