ചെര്‍ക്കള ബസ്സ്റ്റാന്‍ഡ് റോഡില്‍ അറ്റകുറ്റപ്പണി തുടങ്ങി

Posted on: 07 Aug 2015ചെര്‍ക്കള: ചെര്‍ക്കള ബസ്സ്റ്റാന്‍ഡ് റോഡിലെ പാതാളക്കുഴികള്‍ നികത്തിത്തുടങ്ങി. കുഴികളില്‍ വീണുള്ള അപകടം പതിവായതോടെ കഴിഞ്ഞദിവസം നാട്ടുകാര്‍ റോഡ് ഉപരോധിച്ചതോടെയാണ് അധികൃതര്‍ കണ്ണ് തുറന്നത്. റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് മാതൃഭൂമി വാര്‍ത്ത നല്കിയിരുന്നു. മഴക്കാലമായതോടെ വന്‍കുഴികള്‍ രൂപപ്പെട്ടു. റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ജൂണ്‍ 16 മുതല്‍ ഒരാഴ്ചയോളം സ്റ്റാന്‍ഡില്‍ ബസ്സുകള്‍ കയറിയിരുന്നില്ല. തുടര്‍ന്ന് സ്റ്റാന്‍ഡിലെ വ്യാപാരികള്‍ ബസ് തടഞ്ഞിരുന്നു. പ്രശ്‌നപരിഹാരത്തിന് കളക്ടറുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ തൊട്ടടുത്ത ദിവസംതന്നെ അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പണി നടന്നിരുന്നില്ല.
ദേശീയപാതയില്‍നിന്ന് ബസ്സ്റ്റാന്‍ഡ് കവാടം വരെയുള്ള 300 മീറ്ററോളം റോഡാണ് പൂര്‍ണമായും തകര്‍ന്നത്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങളും കുഴികളില്‍ വീണുള്ള അപകടം പതിവ് കാഴ്ചയായിരുന്നു. അപകടം പതിവായതില്‍ ക്ഷുഭിതരായ ജനക്കൂട്ടം കഴിഞ്ഞദിവസം രാത്രി റോഡ് ഉപരോധിക്കുകയായിരുന്നു. ഡിവൈ.എസ്.പി. ടി.പി.രന്‍ജിത്ത് ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെത്തിയാണ് റോഡ് ഉപരോധത്തില്‍നിന്ന് നാട്ടുകാരെ പിന്തിരിപ്പിച്ചത്.

More Citizen News - Kasargod