തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എന്‍ജിനീയര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കും

Posted on: 07 Aug 2015കാസര്‍കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഷികപദ്ധതി നിര്‍വഹണം ഫലപ്രദമാകുന്നതിന് അസിസ്റ്റന്റ് എന്‍ജിനീയര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാന്‍ ജില്ലാ ആസൂത്രണ സമിതിയോഗം തീരുമാനിച്ചു. മുഴുവന്‍ പഞ്ചായത്തുകളിലും നഗരസഭകളിലും പേവിഷബാധതടയുന്നതിന് തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള പദ്ധതിക്ക് ഭേദഗതി പ്രൊജക്ടുകളില്‍ തുക വകയിരുത്തുന്നതിന് യോഗം തീരുമാനിച്ചു.
ഡെങ്കിപ്പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ വാര്‍ഡ്തല ശുചിത്വസമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. ആഗസ്ത് 10 മുതല്‍ 17 വരെ നടത്തുന്ന ഊര്‍ജിത ശുചിത്വയജ്ഞത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഡി.എം.ഒ. ഡോ. എസ്. ദിനേശ്കുമാര്‍ അവതരിപ്പിച്ചു.
പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളദേവി അധ്യക്ഷത വഹിച്ചു. 23 ഗ്രാമപ്പഞ്ചായത്തുകളുടെയും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്, കാസര്‍കോട് നഗരസഭ എന്നിവയുടെയും ഭേദഗതി പ്രോജക്ടുകള്‍ അംഗീകരിച്ചു. യോഗത്തില്‍ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ സംബന്ധിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ കെ.എസ്. കുര്യാക്കോസ്, പാദൂര്‍ കുഞ്ഞാമു ഹാജി, എ. ജാസ്മിന്‍, കെ.ബി. മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Kasargod