സി.പി.എം. പ്രതിരോധത്തില്‍ എസ്.ആര്‍.പി. ആദ്യ കണ്ണിയാകും

Posted on: 07 Aug 2015കാസര്‍കോട്: നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനും കാര്‍ഷികമേഖലയിലെ തകര്‍ച്ചയ്ക്കുമെതിരെയും തൊഴിലുറപ്പുപദ്ധതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും സി.പി.എം. നടത്തുന്ന പ്രതിരോധത്തില്‍ ആദ്യകണ്ണിയായി പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള പങ്കെടുക്കും. ഉപ്പളയില്‍ മഞ്ചേശ്വരം താലൂക്ക് ഓഫീസ് പരിസരത്ത് നടക്കുന്ന പ്രതിരോധസംഗമത്തിലാണ് രാമചന്ദ്രന്‍പിള്ള കണ്ണിയാവുക.
ആഗസ്ത് 11ന് വൈകിട്ട് മൂന്നരയോടെയാണ് പ്രതിരോധം തുടങ്ങുക. ദേശീയപാതയോരത്ത് പ്രവര്‍ത്തകര്‍ കൈകോര്‍ത്ത് പ്രതിരോധത്തില്‍ അണിചേരും. ഫലത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് ജനകീയ പ്രതിരോധമുയര്‍ത്താനാണ് സി.പി.എം. ആസൂത്രണമെന്നറിയുന്നു. എന്നാല്‍, പ്രതിരോധമെന്നല്ലാതെ മനുഷ്യച്ചങ്ങല എന്ന് സി.പി.എം. പ്രഖ്യാപിച്ചിട്ടില്ല.

കാസര്‍കോട് ജില്ലയില്‍ ഉപ്പള മുതല്‍ കാലിക്കടവുവരെ 67 കിലോമീറ്റര്‍ നീളത്തില്‍ നടത്തുന്ന പ്രതിരോധത്തില്‍ ഒരു ലക്ഷത്തി അയ്യായിരംപേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. ഇതിന്റെ പ്രചാരണാര്‍ഥം ജില്ലയില്‍ പ്രാദേശികമായി നടത്തുന്ന 110 കാല്‍നടജാഥകളില്‍ പകുതിയോളം ജാഥകള്‍ പൂര്‍ത്തിയായി. ഞായറാഴ്ചയോടെ ജാഥകള്‍ പൂര്‍ണമാകും.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ടില്‍ കൂടുതല്‍ ചോര്‍ച്ചയുണ്ടായ ജില്ലയെന്നനിലയില്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണമൊന്നും പറ്റിയിട്ടില്ലെന്ന് തെളിയിക്കാന്‍ ഊര്‍ജിതശ്രമത്തിലാണ് സി.പി.എം.ഘടകങ്ങള്‍. സി.പി.എമ്മില്‍നിന്ന് അണികള്‍ വ്യാപകമായി ബി.ജെ.പി.യിലേക്ക് ആകര്‍ഷിക്കപ്പെടുകയാണെന്ന ബി.ജെ.പി.യുടെ പ്രചാരണം ശരിയല്ലെന്ന് തെളിയിക്കാന്‍ ഘടകങ്ങള്‍ പരിശ്രമിക്കണമെന്നാണ് ജില്ലാ നേതൃത്വം നിര്‍ദേശിച്ചിട്ടുള്ളത്. കുടുംബയോഗങ്ങളില്‍ നല്കിയ വിശദീകരണവും ആ നിലയിലായിരുന്നു.

More Citizen News - Kasargod