ജൈവജില്ലയില്‍ നിരോധിത കീടനാശിനി എത്തുന്നു

Posted on: 07 Aug 2015


പി.പി.ലിബീഷ് കുമാര്‍* രാസകീടനാശിനി ഡിപ്പോകള്‍ നിര്‍ത്തലാക്കാനുള്ള ശുപാര്‍ശ കടലാസില്‍
* നിരോധിത കാര്‍ബോഫ്യുറാന്‍ വിറ്റ ഡിപ്പോയ്ക്ക് വളംവില്ക്കാനുള്ള ലൈസന്‍സ്
* തീരപ്രദേശങ്ങളിലെത്തുന്നത് എക്കാലക്‌സ് കീടനാശിനി

കാസര്‍കോട്:
അതിര്‍ത്തികടന്നെത്തുന്ന വിഷപ്പച്ചക്കറികള്‍ക്കുപിന്നാലെ ജൈവജില്ലയായ കാസര്‍കോട്ട് രഹസ്യമായി നിരോധിത കീടനാശിനിയും എത്തുന്നു.
കൃഷിയിടങ്ങളില്‍ ഇവ ഉപയോഗിക്കുന്നത് തടയാന്‍ സര്‍ക്കാറിന് സംവിധാനമില്ല. സമ്പൂര്‍ണ ജൈവജില്ലയാക്കുന്നതിന്റെഭാഗമായി കാസര്‍കോട്ടെ രാസ കീടനാശിനി വില്പന ഡിപ്പോകള്‍ നിര്‍ത്തലാക്കുമെന്ന ശുപാര്‍ശ അട്ടിമറിക്കപ്പെട്ടതാണ് തിരിച്ചടിയായത്. ഘട്ടംഘട്ടമായി രാസ കീടനാശിനി ഒഴിവാക്കി ജൈവകീടനാശിനി വ്യാപിപ്പിക്കണമെന്ന സംസ്ഥാന അഗ്രിക്കള്‍ച്ചര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ നിര്‍ദേശമാണ് പാലിക്കപ്പെടാഞ്ഞത്. ഇതിനുള്ള ശുപാര്‍ശ 2013-ല്‍ ജില്ലാ കൃഷിവകുപ്പധികൃതര്‍ കൃഷിവകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുകയുംചെയ്തു. എന്നാല്‍, അത് പ്രാബല്യത്തില്‍വന്നില്ല.
2012-ല്‍ 37 കീടനാശിനി വില്പന ഡിപ്പോകള്‍ക്കാണ് കൃഷി വകുപ്പ് ലൈസന്‍സ് നല്കിയത്. 23 വളം ഡിപ്പോകള്‍ക്കും അനുമതിനല്കി. 2013-ല്‍ 39 കീടനാശിനി ഡിപ്പോകളും 75 വളംഡിപ്പോകളും ജില്ലയിലുണ്ടായി. 2014-ല്‍ 30 ഡിപ്പോകള്‍ക്കാണ് ലൈസന്‍സ് നല്കിയത്. 57 വളംഡിപ്പോകളും റജിസ്റ്റര്‍ചെയ്തു. ഈ വര്‍ഷം ജൂലായ് 13 വരെയുള്ള കണക്കനുസരിച്ച് 19 കീടനാശിനി ഡിപ്പോകള്‍ക്ക് അനുമതി നല്‍കി.
2013-ല്‍ ചുവന്ന ലേബലിലുള്ള കാര്‍ബോഫ്യുറാന്‍ അടക്കമുള്ള അത്യുഗ്ര നിരോധിത കീടനാശിനി വിറ്റ പള്ളിക്കരയിലെ ഡിപ്പോക്ക് വളം(ഫെര്‍ട്ടിലൈസര്‍) വില്കാനുള്ള അനുമതി ഇക്കുറി നല്കിയിട്ടുണ്ടന്ന് കൃഷിവകുപ്പ് പറയുന്നു.
2011 മെയ് ഏഴിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുപ്രകാരം ഏഴ് കീടനാശിനികള്‍ കേരളത്തില്‍ നിരോധിച്ചിരുന്നു. അതില്‍ ഉള്‍പ്പെടുന്ന കാര്‍ബോ ഫ്യുറാന്‍-3ജി എന്ന ഫ്യുറഡാനാണ് കാസര്‍കോട് വിറ്റത്. കിലോഗ്രാമിന് 75 രൂപയായിരുന്നു വില. ഹൈദരാബാദ് ബലങ്കാറിലെ ഹൈദരാബാദ് കെമിക്കല്‍സ് ലിമിറ്റഡാണ് നിര്‍മാതാക്കള്‍. ഈ കടയില്‍നിന്ന് 'ഫ്യുറഡാന്‍' കര്‍ഷകര്‍ വാങ്ങുന്നത് ചിത്രംസഹിതം 'മാതൃഭൂമി' റിപ്പോര്‍ട്ടുചെയ്തിരുന്നു.
പള്ളിക്കരയിലെ ട്രാവന്‍കൂര്‍ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിന്റെ കീടനാശിനിവില്പന രണ്ടരവര്‍ഷമായി ലൈസന്‍സില്ലാതെയാണെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. ലൈസന്‍സ് പുതുക്കാതെയാണ് കാര്‍ബോഫ്യുറാന്‍ അടക്കമുള്ള കീടനാശിനി വിറ്റത്. വളങ്ങള്‍(ഫെര്‍ട്ടിലൈസര്‍) വില്ക്കാന്‍ മാത്രമേ ഇവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നുള്ളൂ.
സംസ്ഥാന ജൈവ കാര്‍ഷിക നയം നടപ്പാക്കുന്നതിന്റെ ഭാഗമായി ചുവപ്പും കടും മഞ്ഞയും ലേബലുകളില്‍ വില്ക്കപ്പെടുന്ന കീടനാശിനികളുടെ ഉത്പാദനവും വിതരണവും ഉപയോഗവും ജില്ലയില്‍ നിരോധിച്ചുകൊണ്ട് 2010 ഡിസംബര്‍ രണ്ടിനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നീല, പച്ച എന്നിവയാണ് നിയന്ത്രണവിധേയമായി ഉപയോഗിക്കുന്നത്. ഇതില്‍ പച്ച വേപ്പധിഷ്ഠിതമായ ജൈവകീടനാശിനിയാണ്. എന്നാല്‍, കൃഷിയിടങ്ങളിലും പറമ്പിലും ഉള്‍പ്പെടെ മാരകമായ എലിവിഷം (സിങ്ക് ഫോസ്‌ഫൈഡ്) ഉപയോഗിക്കുന്നു. ചുവപ്പ് ലേബലിലുള്ള ഈ വിഷം ജില്ലയിലെ ഏത് കടകളിലും കിട്ടും. അത്യുഗ്ര രാസവസ്തുവായിട്ടും 'എലിനാശിനി' എന്ന ലേബല്‍ ഉള്ളതിനാല്‍ ഇത് ജൈവ ജില്ലയില്‍ സുലഭം. മഞ്ഞലേബലിലുള്ള കീടനാശിനിയായ എക്കാലക്‌സ് അഥവാ ക്യുനാല്‍ഫോസിസ് പുകയിലപ്പാടങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ജില്ലയിലെ ഡിപ്പോകളില്‍നിന്ന് ഈ കീടനാശിനികള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നു എന്നതാണ് വാസ്തവം. കര്‍ണാടകയില്‍നിന്ന് യഥേഷ്ടം കീടനാശിനികള്‍ ഏജന്റുമാര്‍ കര്‍ഷകരിലേക്ക് എത്തിക്കുന്നുണ്ട്.

More Citizen News - Kasargod