മീന്‍ലോറി ബസ്സിലിടിച്ച് 13 പേര്‍ക്ക് പരിക്ക്‌

Posted on: 06 Aug 2015ചെര്‍ക്കള: ദേശീയപാത ചെര്‍ക്കള ബേവിഞ്ചയില്‍ മീന്‍ലോറി ബസ്സിലിടിച്ച് 13 പേര്‍ക്ക് പരിക്കേറ്റു. ബസ് ഡ്രൈവര്‍ നാരായണന്‍ നീര്‍ച്ചാല്‍(45), കണ്ടക്ടര്‍ അച്യുതന്‍ മീത്തല്‍ മാങ്ങാട്(53), ബസ് യാത്രക്കാരായ ചട്ടഞ്ചാല്‍ കുന്നുപാറയിലെ ഇബ്രാഹിമിന്റെ ഭാര്യ ജമീല(44), മുഹമ്മദലി ചട്ടഞ്ചാല്‍(47), സുഹറ ബാവിക്കര(31), ഹുസൈന്‍ കോട്ടിക്കുളം(35), മറിയം ബി.ചട്ടഞ്ചാല്‍(38), ഫബീന ചട്ടഞ്ചാല്‍(22), അഹമ്മദ് പടിഞ്ഞാര്‍മൂല(50), മറിയുമ്മ ബാവിക്കര(50), ഇബ്രാഹിം വി.കെ.പാറ(52), അബ്ദുള്‍റഹ്മാന്‍ ചെങ്കള നാലാംമൈല്‍(45), സാവിത്രി കാസര്‍കോട്(45) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ജമീലയെ മംഗലാപുരത്തെ സ്വകാര്യ ആസ്​പത്രിയിലും മറ്റുള്ളവരെ ചെങ്കള ഇ.കെ.നായനാര്‍ സഹകരണ ആസ്​പത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. മംഗലാപുരത്തിനടുത്ത മലപ്പയില്‍നിന്ന് മീന്‍കയറ്റി കണ്ണൂരിലേക്ക് പോവുകയായിരുന്ന ലോറി കാസര്‍കോട് ഭാഗത്തേക്ക് വരുന്ന സ്വകാര്യബസ്സില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കൊടുംവളവും ഇറക്കവും ഇടുങ്ങിയതുമായ റോഡിലാണ് അപകടം നടന്നത്. ലോറിയുടെ അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആസ്​പത്രിയിലെത്തിച്ചത്.

More Citizen News - Kasargod