പാണത്തൂര്‍, പൂടംകല്ല് ആരോഗ്യകേന്ദ്രങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങളൊരുങ്ങുന്നു

Posted on: 06 Aug 2015രാജപുരം: പാണത്തൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം, പൂടംകല്ല് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയ്ക്ക് പുതിയ കെട്ടിടങ്ങളൊരുങ്ങുന്നു.
പാണത്തൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ കിടത്തിച്ചികിത്സാ വിഭാഗം കെട്ടിടത്തിന്റെ തറക്കല്ലിടല്‍ വെള്ളിയാഴ്ച മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വഹിക്കും. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. അധ്യക്ഷതവഹിക്കും. പി.കരുണാകരന്‍ എം.പി. മുഖ്യാതിഥിയായിരിക്കും.
മൂന്ന് കോടി നാലുലക്ഷം രൂപ െചലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍പ്പെടുത്തി നബാര്‍ഡിന്റെ സഹായത്തോടെ 2012-13 വര്‍ഷത്തില്‍ കെട്ടിടത്തിനായി തുക അനുവദിച്ചിരുന്നു. എന്നാല്‍, സാങ്കേതിക തടസ്സങ്ങളാല്‍ പണിയാരംഭിച്ചില്ല. പുതിയ കെട്ടിടം പൂര്‍ത്തിയാകുന്നതോടെ 25 രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യം ഇവിടെ ലഭ്യമാകുമെന്ന് പത്രസമ്മേളനത്തില്‍ പനത്തടി പഞ്ചായത്ത് പ്രസിഡന്റ് സുപ്രിയ അജിത്ത്, വൈസ് പ്രസിഡന്റ് കെ.ജെ.ജെയിംസ്, പഞ്ചായത്തംഗങ്ങളായ പി.പി.പുഷ്പലത, ശാരദ രാഘവന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രവീണ്‍ എസ്.ബാബു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പവിത്രമോഹന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡി.എസ്.ഉദയകുമാര്‍ എന്നിവര്‍ പറഞ്ഞു.
പൂടംകല്ല് സാമൂഹികാരോഗ്യ കേന്ദ്രത്തിന് എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍പ്പെടുത്തി അനുവദിച്ച കെട്ടിടത്തിനും വെള്ളിയാഴ്ച മന്ത്രി തറക്കല്ലിടും. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നിര്‍മിക്കുന്ന കെട്ടിടത്തിന് 2012-13 സാമ്പത്തിക വര്‍ഷത്തില്‍ 4.2 കോടി രൂപ വകയിരുത്തിയിരുന്നു. സാങ്കേതിക അനുമതിയുമായി ബന്ധപ്പെട്ട് നിര്‍മാണം നീണ്ടുപോവുകയായിരുന്നു.
ആസ്​പത്രിക്ക് കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ പനത്തടി സര്‍വീസ് സഹകരണബാങ്ക് 40 സെന്റ് സ്ഥലം നല്‍കിയിരുന്നു. ഈ സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നതെന്ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈസ് പ്രസിഡന്റ് ടോമി പ്ലാച്ചേരി, ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മറിയാമ്മ ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം എം.യു.തോമസ്, മെഡിക്കല്‍ ഓഫീസര്‍ സി.സുകു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Kasargod