ബ്ലോക്ക്: അന്തിമ പട്ടികയായി

Posted on: 06 Aug 2015കാസര്‍കോട്: ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അന്തിമപട്ടികയുടെ വിജ്ഞാപനം ഇറക്കിയതോടെ ജില്ലയുടെ തിരഞ്ഞെടുപ്പുചിത്രം വ്യക്തമായി. ഇതോടെ ഗ്രാമതലം തൊട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒരുക്കം തുടങ്ങി. ആറ് ബ്ലോക്ക് പഞ്ചായത്തുകളാണ് ജില്ലയില്‍ ഉള്ളത്. 38 ഗ്രാമപ്പഞ്ചായത്തുകള്‍ ഉള്ളിടത്ത് പനയാല്‍, മാണിക്കോത്ത്, പരപ്പ, കളനാട്-ചെമ്മനാട് എന്നീ നാെലണ്ണം കൂടി വരുമ്പോള്‍ 42 ആകും.
പുതിയവ വരുമ്പോള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതും കൊഴിഞ്ഞുപോയതുമായ ഭാഗങ്ങള്‍ നിര്‍ണായകമാവും.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ കരടുപട്ടികയില്‍ പറഞ്ഞതുപോലെത്തന്നെയാണ് ഗ്രാമപ്പഞ്ചായത്തുകള്‍. ബദിയഡുക്ക, മൊഗ്രാല്‍-പുത്തൂര്‍, മധൂര്‍, ചെങ്കള എന്നീ നാല് പഞ്ചായത്തുകള്‍ നിലനില്‍ക്കും. നിലവിലുണ്ടായിരുന്ന കുമ്പളയും ചെമ്മനാടും മാറിപ്പോയി. കാസര്‍കോട് മുനിസിപ്പല്‍ പ്രദേശമാണ് ആസ്ഥാനം.
മഞ്ചേശ്വരം ബ്ലോക്കില്‍ ഏഴ് ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് പകരം എട്ട് പഞ്ചായത്തുകളുണ്ടാവും. കാസര്‍കോട് ബ്ലോക്കില്‍നിന്നുള്ള കുമ്പളയും മംഗല്‍പ്പാടി, വൊര്‍ക്കാടി, പുത്തിഗെ, മീഞ്ച, പൈവളിഗെ, മഞ്ചേശ്വരം, എന്‍മകജെ എന്നിവയുമാണവ. മഞ്ചേശ്വരമാണ് ആസ്ഥാനം.
കാഞ്ഞങ്ങാട് ബ്ലോക്കില്‍ അജാനൂര്‍, മാണിക്കോത്ത്, പനയാല്‍, കളനാട്-ചെമ്മനാട്, ഉദുമ, പള്ളിക്കര, പുല്ലൂര്‍-പെരിയ, ചെമ്മനാട് എന്നിവയാണ് നിലവില്‍വരിക. നിലവിലുണ്ടായിരുന്ന മടിക്കൈ പഞ്ചായത്ത് നീലേശ്വരത്താണ് ചേരുക. കാഞ്ഞങ്ങാട് മുനിസിപ്പല്‍ പ്രദേശമാണ് ആസ്ഥാനം.
കാറഡുക്ക ബ്ലോക്കില്‍ മാറ്റങ്ങളില്ല. കാറഡുക്കയാണ് ആസ്ഥാനം.
നീലേശ്വരം ബ്ലോക്കില്‍ മടിക്കൈ അതിഥിയായെത്തും. ചെറുവത്തൂര്‍, കയ്യൂര്‍-ചീമേനി, പിലിക്കോട്, തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ എന്നിവയാണ് മറ്റ് പഞ്ചായത്തുകള്‍. നീലേശ്വരം മുനിസിപ്പാലിറ്റി പരിസരമാണ് ആസ്ഥാനം. പരപ്പ ബ്ലോക്കില്‍ പരപ്പ, കോടോം-ബേളൂര്‍, കള്ളാര്‍, പനത്തടി, ബളാല്‍, കിനാനൂര്‍-കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി എന്നിവയാണ് ഉള്ളത്. പരപ്പയാണ് ആസ്ഥാനം.
കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം എന്നീ മൂന്ന് നഗരസഭകളാണ് ജില്ലയില്‍ ഉള്ളത്.

More Citizen News - Kasargod