ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖം മുഖ്യമന്ത്രി 21-ന് നാടിന് സമര്‍പ്പിക്കും

Posted on: 05 Aug 2015ചെറുവത്തൂര്‍: ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖം ആഗസ്ത് 21-ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിക്കും. മന്ത്രി കെ.ബാബു ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. 29.06 കോടി രൂപ ചെലവഴിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സഹായത്തോടെയാണ് മത്സ്യബന്ധന തുറമുഖം പൂര്‍ത്തിയാക്കിയത്. ചെറുവത്തൂര്‍ ടൗണില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ പടിഞ്ഞാറ് കാവുംചിറയിലാണ് തുറമുഖം.
ഒരേസമയം 300 ബോട്ടുകള്‍ക്ക് നങ്കൂരമിടാന്‍ തുറമുഖത്ത് സൗകര്യം ലഭിക്കും. നേരിട്ടും പരോക്ഷമായും അയ്യായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കും. ചെറുവത്തൂര്‍ അഴിമുഖത്ത് 803 മീറ്റര്‍, 833 മീറ്റര്‍ നീളത്തില്‍ പുലിമുട്ടും പൂര്‍ത്തിയായി.
120 മീറ്റര്‍ ഉയരത്തില്‍ വാര്‍ഫ്, 900 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള ലേലപ്പുര, ബോട്ടുകളുടെ അറ്റകുറ്റപ്പണിക്ക് വര്‍ക്ക് ഷോപ്പ്, ലോഡിങ്, പാര്‍ക്കിങ് സൗകര്യം, കാന്റീന്‍, വിശ്രമമുറി തുടങ്ങി ആധുനികമായ എല്ലാ സൗകര്യങ്ങളും തുറമുഖത്തിലുണ്ടാകും. സംഘാടകസമിതി രൂപവത്കരണം ആഗസ്ത് ഏഴിന് ഉച്ചയ്ക്ക് മൂന്നിന് കാവുംചിറയില്‍ നടക്കും. തൃക്കരിപ്പൂര്‍ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും സംബന്ധിക്കും.

More Citizen News - Kasargod