കുടുംബശ്രീ രൂപവത്കരണം വിവാദമായി; യോഗത്തില്‍നിന്ന് 19 പേര്‍ ഇറങ്ങിപ്പോയി

Posted on: 05 Aug 2015മടിക്കൈ: മടിക്കൈ ഗ്രാമപ്പഞ്ചായത്തില്‍ ഒന്നാം വാര്‍ഡ് വാഴക്കോട്ട് പുതുതായി രൂപവത്കരിച്ച കുടുംബശ്രീ അയല്‍ക്കൂട്ടം വിവാദമായി. ഒന്നാം വാര്‍ഡ് അംഗം കുണ്ടുതിടില്‍ ശോഭന, കുടുംബശ്രീ വാര്‍ഡ് പ്രസിഡന്റ് കൗസല്യ, സെക്രട്ടറി ഗിരിജ ഉള്‍പ്പെടെ 19 പേര്‍ പ്രതിമാസയോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി.
ഒരുമാസംമുമ്പ് വാഴക്കോട് വാര്‍ഡില്‍ പെരൂരില്‍ പുലരി കുടുംബശ്രീ അയല്‍കൂട്ടം രൂപവത്കരിച്ചിരുന്നു. യൂണിറ്റ് രൂപവത്കരിക്കുമ്പോള്‍ രക്ഷാധികാരിയായ വാര്‍ഡ് അംഗത്തെയും എ.ഡി.എസ്., സി.ഡി.എസ്. അംഗങ്ങളെയും അറിയിച്ചിരുന്നില്ല.
കഴിഞ്ഞദിവസം മടിക്കൈ പഞ്ചായത്തിലെ വികസന സെമിനാറിലും തുടര്‍ന്നുനടന്ന ഗ്രാമസഭയിലും പ്രശ്‌നം ഉന്നയിച്ചു. കുടുംബശ്രീയുടെ റജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാമെന്ന് ഉറപ്പ് തന്നതായി വാര്‍ഡ് അംഗം പറഞ്ഞു. എന്നാല്‍, ചൊവ്വാഴ്ച രാവിലെ വാര്‍ഡ് കുടുംബശ്രീയുടെ പ്രതിമാസയോഗം മടിക്കൈ പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ നടന്നു.
ഹാജര്‍ എടുക്കുമ്പോള്‍ വാര്‍ഡില്‍ നേരത്തേ ഉണ്ടായിരുന്ന 17 കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ കൂടാതെ 18-ാമത്തെ അയല്‍ക്കൂട്ടത്തെകൂടി ഉള്‍പ്പെടുത്തിയാണ് ചര്‍ച്ച തുടങ്ങിയത്. കുടുംബശ്രീയുടെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി രൂപവത്കരിച്ച യൂണിറ്റ് റദ്ദ് ചെയ്യാത്തതില്‍ പ്രതിഷേ,ധിച്ചാണ് ബി.ജെ.പി. ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ശോഭന ഉള്‍പ്പെടെ വാര്‍ഡിലെ 19 പേര്‍ ഇറങ്ങിപ്പോയത്.
കുടുംബശ്രീ നിയമാവലി അനുസരിച്ച് പുതുതായി ചേര്‍ന്നവര്‍ക്ക് ദ്വയാംഗത്വമുണ്ടെന്നും രാഷ്ട്രീയലക്ഷ്യം വെച്ചുകൊണ്ടാണ് പുതുതായി കുടുംബശ്രീ രൂപവത്കരിച്ചതെന്നും കുടുംബശ്രീ ജില്ലാ മിഷന് പരാതിനല്കുമെന്നും അംഗം ശോഭന പറഞ്ഞു.
പുതുതായി കുടുംബശ്രീ രൂപവത്കരിച്ചത് അറിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത പറഞ്ഞു.

More Citizen News - Kasargod