മാതൃഭൂമി പരമ്പര പഠനപ്രവര്‍ത്തനമാക്കി പൈക്ക എ.കെ.എം.എം.എ.യു.പി. സ്‌കൂള്‍ കുട്ടികള്‍

Posted on: 05 Aug 2015ചെര്‍ക്കള: ജില്ലയുടെ ചരിത്രപരമായ സവിശേഷതകള്‍ അനാവരണംചെയ്ത കോട്ടകളെയും ചരിത്രശേഷിപ്പുകളെയും കുറിച്ചുള്ള മാതൃഭൂമി വാര്‍ത്താപരമ്പര പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കി പൈക്ക എ.യു.പി. സ്‌കൂള്‍ കുട്ടികള്‍. 'ചരിത്രമാകണോ ചരിത്രസ്മാരകങ്ങള്‍' എന്ന വാര്‍ത്താപരമ്പര സാമൂഹികശാസ്ത്രപഠനത്തിനാണ് പൈക്ക എ.കെ.എം.എം.എ.യു.പി. സ്‌കൂള്‍ കുട്ടികള്‍ ഉപയോഗിക്കുന്നത്. പഠനത്തിന്റെ ഭാഗമായി ആറാംതരം വിദ്യാര്‍ഥികള്‍ നാട്ടിലെ ചരിത്ര ശേഷിപ്പുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന സമയത്താണ് കാസര്‍കോട് കോട്ട അന്യാധീനപ്പെട്ട വാര്‍ത്ത പുറത്തുവരുന്നതും 'മാതൃഭൂമി' ജില്ലയിലെ ചരിത്രസ്മാരകങ്ങളുടെ ഇന്നത്തെ അവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള പരമ്പര എഴുതുന്നതും. പരമ്പരയിലെ ചിത്രങ്ങളും വാര്‍ത്തകളും ഇതുസംബന്ധിച്ച ചരിത്രകാരന്മാരുടെയും സാംസ്‌കാരികപ്രവര്‍ത്തകരുടെയും അഭിപ്രായങ്ങളും ഉള്‍ക്കൊള്ളിച്ച് 'ചരിത്രസ്മാരകങ്ങളെ മറക്കല്ലേ' എന്ന പേരില്‍ പ്രത്യേകപതിപ്പും വിദ്യാര്‍ഥികള്‍ പുറത്തിറക്കി. ചരിത്രശേഷിപ്പുകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന അടിക്കുറിപ്പുകളും ലേഖനങ്ങളുമുണ്ട്.
സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് അബ്ദുള്‍ ഹമീദ് ഖാസിമി പതിപ്പ് സ്‌കൂള്‍ ലീഡര്‍ വിനയചന്ദ്രന് നല്കി പ്രകാശനം ചെയ്തു. പ്രഥമാധ്യാപകന്‍ ബാലകൃഷ്ണ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം അബ്ദുള്‍ റസാഖ് പൈക്ക, പി.ഡി.എ.റഹ്മാന്‍, ഷാഫി ചൂരിപ്പള്ളം, പി.കെ.വിനോദ്കുമാര്‍, കെ.നാരായണന്‍ നായര്‍, എം.ശശിധരന്‍, കെ.വി.കുഞ്ഞമ്പു, എം.ഇ.ദേവസ്യ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod