തെയ്യം കലാകാരന്‍ കൃഷ്ണന്‍ പണിക്കര്‍ക്ക് കൂര്‍മ്മല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം

Posted on: 05 Aug 2015കാഞ്ഞങ്ങാട്: പൊട്ടന്‍തെയ്യത്തിന്റെ തോറ്റംപാട്ട് രചിച്ച കൂര്‍മ്മല്‍ എഴുത്തച്ഛന്റെ പേരില്‍ കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരി റെഡ്സ്റ്റാര്‍ യൂത്ത് സെന്റര്‍ നല്കുന്ന പുരസ്‌കാരത്തിന് തെയ്യം കലാകാരന്‍ നെല്ലിക്കാട്ട് കൃഷ്ണന്‍ പണിക്കര്‍ അര്‍ഹനായി. കാഞ്ഞങ്ങാടിനടുത്ത നെല്ലിക്കാട്ട് കാഞ്ഞിരവയലിനടുത്ത് ജനിച്ച കൃഷ്ണന്‍ പണിക്കര്‍ 70 വര്‍ഷത്തിലധികമായി തെയ്യംകലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ഈ അനുഷ്ഠാനകലയ്ക്ക് നല്കിയ സമഗ്ര സംഭാവനകളാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. വെങ്കലശില്പവും ബഹുമതിപത്രവും 5,001 രൂപയുമടങ്ങിയതാണ് പുരസ്‌കാരം. തിരുവോണനാളില്‍ നടക്കുന്ന ക്ലബ്ബിന്റെ ഓണാഘോഷ സമാപനച്ചടങ്ങില്‍ പി.കരുണാകരന്‍ എം.പി. പുരസ്‌കാരം സമ്മാനിക്കും. പുരസ്‌കാരനിര്‍ണയസമിതി ചെയര്‍മാന്‍ വാസു ചോറോട്, കണ്‍വീനര്‍ പി.കെ.ബാലന്‍, ചരിത്രകാരന്‍ ഡോ. സി.ബാലന്‍, ടി.കെ.നാരായണന്‍, എം.സുനില്‍, എം.വി.ദിലീപ്, ഷിബു എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

More Citizen News - Kasargod