എന്ന് തുറക്കും തൃക്കരിപ്പൂരിലെ റെയില്‍വേ അടിപ്പാത

Posted on: 05 Aug 2015തൃക്കരിപ്പൂര്‍: നാള്‍ക്കുനാള്‍ പെരുകിവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള അടിപ്പാത തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമായി.
ഓട്ടോറിക്ഷകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും തൃക്കരിപ്പൂര്‍ ടൗണില്‍നിന്ന് പേക്കടം റോഡിലെത്താന്‍ ഈ അടിപ്പാത പ്രയോജനപ്പെടും. എന്നാല്‍, പാത ഗതാഗതത്തിന് നിര്‍മിച്ചതല്ലെന്നും വെള്ളം ഒഴുക്കിവിടാന്‍ മാത്രമാണെന്നുമാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. തൃക്കരിപ്പൂര്‍ ടൗണിലും വെള്ളാപ്പ് റോഡിലും ഗതാഗതതടസ്സമൊഴിവാക്കാനുള്ള പോലീസുകാരുടെ ഇടപെടല്‍മാത്രം ഇപ്പോള്‍ മതിയാകുന്നില്ല. വെള്ളാപ്പ് റോഡിലെ റെയില്‍വേ ഗേറ്റ് അടച്ചാല്‍ പ്രധാന പാതയാകെ സ്തംഭിക്കുന്ന സ്ഥിതിയാണ്. ഒരേസമയം രണ്ട് ട്രെയിനുകള്‍ക്ക് ഗേറ്റ് അടച്ചാല്‍ പ്രധാനപാതയിലെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെടും.
ബീരിച്ചേരിയില്‍ റെയില്‍വേ മേല്‍പ്പാലം യാര്‍ഥാര്‍ഥ്യമായാല്‍മാത്രമേ നിലവിലുള്ള കുരുക്ക് ഒഴിവാകുകയുള്ളൂ. ഇതിന് വര്‍ഷങ്ങള്‍തന്നെ കഴിയേണ്ടിവരും. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും നിലവിലുള്ള റെയില്‍വേ അടിപ്പാതയിലൂടെ കടത്തിവിട്ടാല്‍ പ്രശ്‌നത്തിന്റെ തീവ്രത കുറയ്ക്കാന്‍ കഴിയും. 15 വര്‍ഷംമുമ്പ് താത്കാലികമായി ഈ പാത ചെറുവാഹനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. അപകടസാധ്യതയുണ്ടെന്ന കാരണംപറഞ്ഞ് പിന്നീട് പ്രവേശനകവാടം ഭാഗികമായി അടയ്ക്കുകയായിരുന്നു.
പാത തുറന്നുകൊടുക്കുകയാണെങ്കില്‍ തൃക്കരിപ്പൂരിന്റെ പടിഞ്ഞാറന്‍ മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടും. വിവിധ സന്നദ്ധസംഘടനകള്‍ ഈ ആവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്.

More Citizen News - Kasargod