കുറ്റിക്കോല്‍ എ.കെ.ജി. മന്ദിരം: സര്‍ക്കാര്‍ ഉത്തരവിനെതിരെ കൂറ്റന്‍ സി.പി.എം. മാര്‍ച്ച്‌

Posted on: 05 Aug 2015കുറ്റിക്കോല്‍: കുറ്റിക്കോലിലെ എ.കെ.ജി. മന്ദിരം പൊളിച്ചുമാറ്റണമെന്ന സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് കുറ്റിക്കോല്‍ വില്ലേജ് ഓഫീസിലേക്ക് സി.പി.എം. നേതൃത്വത്തില്‍ കൂറ്റന്‍ ബഹുജനമാര്‍ച്ച്. എ.കെ.ജി. മന്ദിരം റവന്യൂഭൂമിയിലല്ലെന്നും ഭരണസ്വാധീനം ഉപയോഗിച്ച് റവന്യൂനിയമങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ ഒത്താശയോടെയാണ് സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിരിക്കുന്നതെന്നും സി.പി.എം. ആരോപിച്ചു. 2005 വരെയുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കില്ലെന്ന അസാധാരണ ഗസറ്റ് വിജ്ഞാപനം ഇറക്കാന്‍ വ്യഗ്രത കാട്ടിയവര്‍ രേഖകളുള്ള മന്ദിരം പൊളിച്ചുമാറ്റാന്‍ നീക്കം നടത്തുന്നതെന്തിനെന്ന് ജനങ്ങള്‍ക്കറിയാമെന്നും സി.പി.എം. അഭിപ്രായപ്പെട്ടു.
കുറ്റിക്കോല്‍ എ.കെ.ജി. മന്ദിരത്തിന് 1.06 ഏക്കര്‍ സ്ഥലമുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. ഇതിലാണ് മന്ദിരം സ്ഥിതിചെയ്യുന്നത്. എന്നാല്‍, കുറ്റിക്കോല്‍ വില്ലേജില്‍ എ.കെ.ജി. മന്ദിരം സ്ഥിതിചെയ്യുന്ന സ്ഥലം റവന്യൂഭൂമിയിലാണെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതിനാല്‍ നോട്ടീസ് ലഭിച്ച് ഏഴുദിവസത്തിനുള്ളില്‍ മന്ദിരം പൊളിച്ചുമാറ്റാനും 25,000 രൂപ പിഴ ഒടുക്കാനും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. ഇതിനെതിരെയായിരുന്നു സി.പി.എം. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം പി.രാഘവന്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി സി.ബാലന്‍ അധ്യക്ഷനായിരുന്നു. ഇ.പദ്മാവതി, ടി.അപ്പ, എം.അനന്തന്‍, കെ.പി.രാമചന്ദ്രന്‍, ടി.ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod