ഊര്‍ജിത ശുചിത്വയജ്ഞം 10 മുതല്‍ 17 വരെ

Posted on: 05 Aug 2015കാസര്‍കോട്: ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഡെങ്കിപ്പനിബാധിതരെ കണ്ടെത്തിയ സാഹചര്യത്തില്‍ ആഗസ്ത് 10 മുതല്‍ 17 വരെ ഊര്‍ജിത ശുചിത്വപരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും യോഗത്തിലാണ് തീരുമാനം. എ.ഡി.എം. എച്ച്.ദിനേശന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് പൊതുജനാരോഗ്യവിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഡോ. ആര്‍.രമേഷ് സ്ഥിതിഗതികള്‍ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി, സംസ്ഥാന ആരോഗ്യവകുപ്പ് എന്റമോളജിസ്റ്റ് പ്രൊഫ. ഉമറുല്‍ ഫാറൂഖ്, ഡി.എം.ഒ. ഡോ. എ.പി.ദിനേശ്കുമാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
ആഗസ്ത് ഏഴിന് വാര്‍ഡ്തല ശുചിത്വസമിതികള്‍ യോഗംചേരും. ശുചിത്വകര്‍മസേന രൂപവത്കരിക്കും. വാര്‍ഡ് ശുചിത്വസമിതികള്‍ക്ക് 25,000 രൂപവീതം ഇതിനായി അനുവദിക്കും. 10,000 രൂപ ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിലുള്‍പ്പെടുത്തിയും 10,000 രൂപ ശുചിത്വമിഷനും 5,000 രൂപ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനവും നല്കും.
മാലിന്യസംസ്‌കരണം, കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ നിമാര്‍ജനംചെയ്യല്‍, കൊതുക് വളരുന്ന ഉറവിടങ്ങള്‍ നശിപ്പിക്കല്‍ എന്നിവയെല്ലാം ഊര്‍ജിത ശുചീകരണയജ്ഞത്തിന്റെ ഭാഗമായി നടത്തും.
സംസ്ഥാനത്ത് ഡെങ്കിപ്പനിബാധിതര്‍ ഏറ്റവുംകൂടുതലുള്ളത് കാസര്‍കോട് ജില്ലയിലാണെന്ന് ഡോ. ആര്‍.രമേഷ് പറഞ്ഞു. ഇവിടെ എല്ലാ പഞ്ചായത്തുകളിലും ഡെങ്കിപ്പനിബാധിതരുണ്ട്. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കുന്നതും മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും ശക്തമാക്കിയില്ലെങ്കില്‍ ഡെങ്കിപ്പനി കൂടുതല്‍ രൂക്ഷമാകാനിടയുണ്ട്. പനിബാധിച്ച് ജില്ലയില്‍ മൂന്നുപേരാണ് മരിച്ചത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വാര്‍ഡ്തല ശുചിത്വസമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കണം. ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിലുള്‍പ്പെടുത്തിയും ശുചീകരണം നടത്തണം. മറ്റു ജില്ലകളില്‍നിന്ന് വ്യത്യസ്തമായി നഗരപ്രദേശങ്ങളിലുള്ളതിനേക്കാള്‍ ഗ്രാമങ്ങളിലാണ് കാസര്‍കോട് ജില്ലയില്‍ ഡെങ്കിപ്പനി വ്യാപകമാകുന്നത്. റബ്ബര്‍ത്തോട്ടങ്ങളിലും കവുങ്ങിന്‍തോട്ടങ്ങളിലും വെള്ളം കെട്ടിനിന്ന് കൊതുകിന്റെ കൂത്താടികള്‍ വളരുന്നു. മാലിന്യനിര്‍മാര്‍ജനത്തിന് നടപടിയെടുക്കാത്ത തോട്ടമുടമകള്‍ക്കെതിരെ പൊതുജനാരോഗ്യ സംരക്ഷണനിയമപ്രകാരം കര്‍ശന നടപടിയെടുക്കും.
മലമ്പനി, എലിപ്പനി എന്നിവയും ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യപരിശോധന കര്‍ശനമായി നടത്തണം. കേരളത്തില്‍ ഉന്മൂലനാശംവരുത്തിയെന്ന് കരുതിയ പല രോഗങ്ങളും തിരിച്ചുവരുന്നത് തടയാന്‍ കരുതലുണ്ടാകണം. പ്രാദേശിക കൂട്ടായ്മകള്‍ രൂപവത്കരിച്ച് സന്നദ്ധസംഘടനകള്‍, കുടുംബശ്രീ, സാമൂഹ്യനീതിവകുപ്പ്, വിദ്യാഭ്യാസംവകുപ്പ്, ശുചിത്വമിഷന്‍, ആരോഗ്യവകുപ്പ്, റവന്യൂ തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ തദ്ദേശഭരണസ്ഥാപനങ്ങള്‍ വാര്‍ഡ്തലങ്ങളില്‍ ശുചിത്വപരിപാടികള്‍ ശക്തമായി നടത്തണം. ഉറവിടമാലിന്യസംസ്‌കരണത്തിന് മുന്‍ഗണന നല്കണമെന്ന് യോഗം നിര്‍ദേശിച്ചു.

More Citizen News - Kasargod