സൗകര്യക്കുറവില്‍ വീര്‍പ്പുമുട്ടി എഫ്.സി.ഐ. ഗോഡൗണ്‍

Posted on: 04 Aug 2015
കാഞ്ഞങ്ങാട്:
ഓണക്കാലത്ത് വിതരണം ചെയ്യേണ്ട അരിയുടെയും ഗോതമ്പിന്റെയും ചാക്കുകെട്ടുകളെ പടിക്കുപുറത്ത് സൂക്ഷിക്കേണ്ട സ്ഥിതിയാണ് നീലേശ്വരം എഫ്.സി.ഐ. ഗോഡൗണിന്റെത്. സൗകര്യക്കുറവാണ് പ്രശ്‌നം. റെയില്‍വേയുടെ സ്ഥലം പാട്ടത്തിന് നല്കിയാണ് എഫ്.സി.ഐ. ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്.

ഗോഡൗണിന്റെ വികസനമില്ലായ്മയും ജീവനക്കാരുടെ കുറവുമെല്ലാം ഇവിടെ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ജൂണ്‍, ജൂലായ് മാസങ്ങളിലാണ് ലോഡുകള്‍ കൂടുതലും ഇവിടെയെത്തുന്നത്. ജില്ലയിലെ റേഷന്‍കടകളില്‍ എത്തിക്കേണ്ട അരിയും ഗോതമ്പും സൂക്ഷിക്കുന്ന ഏക സൂക്ഷിപ്പുകേന്ദ്രമാണിത്. സ്‌കൂളുകള്‍ക്കുള്ള ഉച്ചക്കഞ്ഞിയുടെ അരിയും ഇവിടെയാണ് സൂക്ഷിക്കുന്നത്. പക്ഷേ ഗോഡൗണിന്റെ വലുപ്പവും സൗകര്യവും കണ്ടാല്‍ താലൂക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്നേ തോന്നൂ.

9,500 മെട്രിക് ടണ്‍ സൂക്ഷിക്കാനുള്ള സ്ഥലമാണിവിടെ രണ്ടുഗോഡൗണിലും കൂടിയുള്ളത്. ഓണക്കാലമാകുമ്പോള്‍ എല്ലാവര്‍ഷവും ഇവിടെ സൂക്ഷിക്കാനാകുന്നതിനും ഇരട്ടിസാധനങ്ങളെത്തും. പയ്യന്നൂരില്‍ എഫ്.സി.ഐ. ഗോഡൗണിലെ സൗകര്യം കൂട്ടിയാല്‍ത്തന്നെ ഇവിടത്തെ പ്രശ്‌നം പരമാവധി ഒഴിവാകുമെന്ന് അധികൃതര്‍ പറയുന്നു. തൃക്കരിപ്പൂര്‍ ഉള്‍പ്പെടെയുള്ള ജില്ലാ അതിര്‍ത്തിയിലെ പൊതുവിതരണ നടത്തിപ്പുകാര്‍ക്ക് പയ്യന്നൂരിലെ ഗോഡൗണില്‍ സാധനങ്ങളെടുക്കുന്നതിന് സൗകര്യമുണ്ടാക്കണം. നീലേശ്വരത്ത് 24 പേരെങ്കിലും ജീവനക്കാരായി വേണം. ഉള്ളതാകട്ടെ 12 പേരും.

More Citizen News - Kasargod