ബഡ്‌സ് സ്‌കൂള്‍ കുട്ടികള്‍ക്ക് വിഷരഹിത ഭക്ഷണമൊരുക്കി കുടുംബശ്രീ പ്രവര്‍ത്തകര്‍

Posted on: 04 Aug 2015പെരിയ: വിഷമഴപെയ്ത കാലത്തിന്റെ ഇരകളായ കുഞ്ഞുങ്ങള്‍ക്ക് നല്ലഭക്ഷണം ഒരുക്കാന്‍ അധ്വാനത്തിന്റെ ഒരുവിഹിതം എത്തിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍. പുല്ലൂര്‍-പെരിയയിലെ മഹാത്മ ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമൊരുക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ വിഷരഹിത പച്ചക്കറികള്‍ കൈമാറും.
പഞ്ചായത്തിലെ വിവിധഭാഗങ്ങളില്‍ കൃഷിയിറക്കിയ വിവിധ സംഘക്കൃഷി ഗ്രൂപ്പുകള്‍ മുഖാന്തരമാണ് പച്ചക്കറികളും ഉത്പന്നങ്ങളും എത്തിക്കുന്നത്. പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 154 സംഘക്കൃഷിഗ്രൂപ്പുകളും വിളവെടുപ്പിന്റെ ഒരുവിഹിതം ബഡ്‌സ് സ്‌കൂളിലെത്തിക്കും. പഞ്ചായത്തുതലത്തില്‍ ചേര്‍ന്ന സംഘക്കൃഷിഗ്രൂപ്പുകളുടെ യോഗം പച്ചക്കറികളും ഉത്പന്നങ്ങളും നല്കാന്‍ തീരുമാനിക്കുകയായിരുന്നു.
തിങ്കളാഴ്ച ബഡ്‌സ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കേളോത്ത് വാര്‍ഡിലെ ത്രിവേണി സംഘക്കൃഷിഗ്രൂപ്പിലെ അംഗങ്ങള്‍ പച്ചക്കറികള്‍ കൈമാറി. ഏത്തക്കുല, വെള്ളരി, പയര്‍ തുടങ്ങിയ പച്ചക്കറി ഉത്പന്നങ്ങളുമായാണ് വീട്ടമ്മമാര്‍ എത്തിയത്. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ കെ.രാധിക പച്ചക്കറിഉത്പന്നങ്ങള്‍ കുട്ടികള്‍ക്ക് കൈമാറി.
ചടങ്ങില്‍ വാര്‍ഡംഗം പി.മാധവന്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് രജനി, പ്രിന്‍സിപ്പല്‍ ദീപ പേരൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod