ബബിനയ്ക്ക് കൂട്ടിനുണ്ട്, നിറമുള്ള സ്വപ്‌നങ്ങള്‍

Posted on: 04 Aug 2015കാഞ്ഞങ്ങാട്: ആസ്​പത്രി വാര്‍ഡിന്റെ അഴികളിലൂടെ ആകാശത്തേക്ക് നോക്കി ബബിന കാണുന്നത് ആകാശത്തോളം വലിയ സ്വപ്‌നങ്ങളൊന്നുമല്ല. ഏതൊരു പെണ്‍കുട്ടിയും കാണുന്ന കുഞ്ഞുസ്വപ്‌നങ്ങള്‍ മാത്രം. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദമെടുക്കണം, നല്ലൊരു ജോലി നേടണം, പ്രാരാബ്ദങ്ങള്‍ക്കപ്പുറത്തുള്ള നിറമുള്ള ജീവിതത്തിലേക്ക് അച്ഛനെയും അമ്മയെയും അനുജനെയും കൂട്ടിക്കൊണ്ടുപോകണം...ഇത്രമാത്രം.

എന്നാല്‍, ഇതൊക്കെ എങ്ങനെ സാധിക്കുമെന്ന് ആലോചിക്കുമ്പോള്‍ ഈ 19 വയസ്സുകാരി തളരും. അര്‍ബുദം തളര്‍ത്തിയ അച്ഛന്‍ ജില്ലാ ആസ്​പത്രിയില്‍ കിടപ്പുണ്ട്. ഒന്നും പറയാനാകുന്നില്ലെങ്കിലും അച്ഛന്റെ മുഖത്ത് ഒഴുകിയൊലിക്കുന്ന കണ്ണീര്‍ കാണുമ്പോള്‍ നിയന്ത്രണംവിട്ട് കരയും ഈ മകള്‍. പകലന്തിയോളം കൂലിവേല ചെയ്ത് കിട്ടുന്നതുകൊണ്ട് അടുപ്പ് പുകയ്ക്കാന്‍ പാടുപെടുന്ന അമ്മയും കമ്പ്യൂട്ടര്‍ അക്കൗണ്ടിങ്ങിന് പഠിക്കുന്ന സഹോദരനുമാണ് അച്ഛനെക്കൂടാതെ ബബിനക്കുള്ളത്. അച്ഛനെ ശുശ്രൂഷിക്കാന്‍ കമ്പ്യൂട്ടര്‍ സയന്‍സിന്റെ തുടര്‍പഠനം നിര്‍ത്തിയാണ് ബബിന ആസ്​പത്രിയിലെത്തിയത്.

നെല്ലിയടുക്കത്തെ ബാബുവിന്റെയും പ്രേമയുടേയും മകളാണ് ബബിന. ഫ്ലവര്‍മില്ലില്‍ പണിയെടുത്ത് കുടുംബം നോക്കുന്നതിനിടെയാണ് ബാബുവിന്റെ വായയില്‍ അര്‍ബുദം പിടിപെട്ടത്. കയറിക്കിടക്കാന്‍ സ്വന്തമായൊരു വീടില്ല. ഭര്‍ത്താവ് രോഗബാധിതനായതോടെ പ്രേമ കൂലിവേലയ്ക്കിറങ്ങി. െബംഗളൂരുവില്‍ എന്‍.ടി.ടി.എഫ്. കോളേജിലാണ് ബബിത പഠിക്കുന്നത്. കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദകോഴ്‌സിന്റെ രണ്ടാംവര്‍ഷത്തിലെത്തിയപ്പോഴാണ് പഠിപ്പ് നിര്‍ത്തേണ്ടി വന്നത്. ജില്ലാ ആസ്​പത്രിയിലെ പാലിയേറ്റീവ് വാര്‍ഡില്‍ കിടക്കുന്ന അച്ഛനെ പരിചരിക്കാന്‍ ഒരു ഹോം നഴ്‌സിനെ കിട്ടിയാല്‍ ബബിനക്ക് പഠനം തുടരാം. പ്രാരാംബ്ദങ്ങള്‍ക്കിടയില്‍ അത്തരമൊരു കാര്യം ചിന്തിക്കാന്‍പോലുമാകുന്നില്ല ഇവര്‍ക്ക്. കാഞ്ഞങ്ങാട് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ തങ്ങള്‍ക്കാകുന്ന സഹായങ്ങള്‍ ചെയ്യുന്നുണ്ട്.

ബബിനയുടെ സ്വപ്‌നങ്ങള്‍ക്ക് നിറം നല്കാന്‍ എസ്.ബി.ഐ.യില്‍ കെ.ബാബുവിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് പണം അയക്കാം. നമ്പര്‍: 32820554710 ഐ.എഫ്.എസ്.സി: SBIN0013549 ഫോണ്‍: 7034054292

More Citizen News - Kasargod