എന്നുവരും തൃക്കരിപ്പൂരില്‍ സബ് ട്രഷറി

Posted on: 04 Aug 2015തൃക്കരിപ്പൂര്‍: ഒരുവര്‍ഷംമുമ്പ് അനുവദിച്ച തൃക്കരിപ്പൂര്‍ സബ് ട്രഷറി ഇനിയും യാഥാര്‍ഥ്യമായില്ല. 2014-ലെ ബജറ്റ് ചര്‍ച്ചയില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.യുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് തൃക്കരിപ്പൂരില്‍ സബ് ട്രഷറി അനുവദിച്ച കാര്യം ധനകാര്യമന്ത്രി നിയമസഭയില്‍ അറിയിച്ചത്.
നീണ്ട 17 വര്‍ഷക്കാലം തൃക്കരിപ്പൂരില്‍ പ്രവര്‍ത്തിച്ച ഏകാംഗ ട്രഷറി നിര്‍ത്തലാക്കിയതിനെത്തുടര്‍ന്നാണ് സബ് ട്രഷറി അനുവദിച്ചത്. തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ്, പിലിക്കോട്, ചെറുവത്തൂര്‍, കയ്യൂര്‍-ചീമേനി പഞ്ചായത്തുകളിലെ നൂറിലേറെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സൗകര്യമാകുന്ന ട്രഷറി പ്രവര്‍ത്തനമാരംഭിക്കാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
തൃക്കരിപ്പൂര്‍ സബ് ട്രഷറി എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2004 സപ്തംബറില്‍ തൃക്കരിപ്പൂരിലെ ഏകാംഗ ട്രഷറി സബ് ട്രഷറിയായി ഉയര്‍ത്താന്‍ നടപടി സ്വീകരിച്ചിരുന്നു. ട്രഷറി പ്രവര്‍ത്തനമാരംഭിക്കാന്‍ ഗ്രാമപ്പഞ്ചായത്ത് സ്ഥലസൗകര്യമൊരുക്കാന്‍ നിര്‍ദേശിക്കുകയുംചെയ്തു. നേരത്തേ നാഷണല്‍ ബാങ്ക് പ്രവര്‍ത്തിച്ച കെട്ടിടം പഞ്ചായത്ത് വാടകയ്‌ക്കെടുത്ത് നല്കാന്‍ തയ്യാറായി. 2011 ആഗസ്ത് 21-ന് സര്‍ക്കാര്‍ ഉത്തരവിലൂടെ തൃക്കരിപ്പൂരിലെ ഏകാംഗ ട്രഷറി അടച്ചുപൂട്ടി. സബ് ട്രഷറി അനുവദിച്ചതിനാലാണ് ഏകാംഗ ട്രഷറി പൂട്ടിയതെന്നായിരുന്നു രാഷ്ട്രീയപ്പാര്‍ട്ടിനേതാക്കളുടെ വിശദീകരണം.
തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും പ്രധാന പ്രചാരണവിഷയം ട്രഷറിയായിരുന്നു. ട്രഷറിക്കുവേണ്ടി എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും പെന്‍ഷന്‍കാരും സംഘടനകളും സമരംനടത്തിയിരുന്നു. വയോധികരായ പെന്‍ഷന്‍കാര്‍ നീലേശ്വരം ട്രഷറിയില്‍ പെന്‍ഷന്‍വാങ്ങാന്‍ അനുഭവിക്കുന്ന ദുരിതം ഏറെയാണ്.

More Citizen News - Kasargod