സ്വര്‍ണസമ്പാദ്യപദ്ധതി തട്ടിപ്പ്: ജ്വല്ലറിയുടമ പോലീസില്‍ കീഴടങ്ങി

Posted on: 04 Aug 2015സുള്ള്യ: മാസത്തവണകളായി പണമടച്ചവര്‍ക്ക് സ്വര്‍ണം നല്കാതെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒന്നാംപ്രതിയായ ജ്വല്ലറിയുടമ പോലീസില്‍ കീഴടങ്ങി. പുത്തൂരിലെ ശ്രീവാര ജ്വല്ലറി ഉടമ ബാലകൃഷ്ണ ഭട്ടാണ് പുത്തൂര്‍ പോലീസില്‍ കീഴടങ്ങിയത്. പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മാസാന്ത്യനിക്ഷേപത്തിലൂടെ ഇയാള്‍ 1.82 കോടിരൂപ തട്ടിയെന്നാണ് കേസ്. രണ്ടാംപ്രതിയായ ബാലകൃഷ്ണ ഭട്ടിന്റെ മകന്‍ വരദേശ് നേരത്തെ അറസ്റ്റിലായിരുന്നു. കേസില്‍ പ്രതിയായ മകള്‍ പരിമള ഒളിവിലാണ്.

മാസാന്തത്തില്‍ നിശ്ചിതതുക അടച്ചാല്‍ കാലാവധിക്കുശേഷം സ്വര്‍ണം നല്കുന്ന പദ്ധതിയാണ് ജ്വല്ലറി നടപ്പാക്കിയത്. പദ്ധതിയില്‍ ചേരുന്നസമയത്തെ നിരക്കില്‍ സ്വര്‍ണം നല്കാമെന്നായിരുന്നു വാഗ്ദാനം. ഈ പദ്ധതിയില്‍ ചേര്‍ന്നവരാണ് വഞ്ചിക്കപ്പെട്ടത്.
പദ്ധതിയുടെ കാലാവധി തീര്‍ന്നിട്ടും സ്വര്‍ണം നല്കാതെവന്നപ്പോള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സുള്ള്യ, മടിക്കേരി, പുത്തൂര്‍, ബണ്ട്വാള്‍ എന്നിവിടങ്ങളിലായി ഏജന്റുമാര്‍ വഴി 6000 പേരെ പദ്ധതിയില്‍ അംഗങ്ങളാക്കിയിരുന്നു. ശ്രീവാര ജ്വല്ലറിക്ക് സുള്ള്യയിലും പുത്തൂരിലും ശാഖകള്‍ ഉണ്ട്. ഈ പ്രദേശങ്ങളിലുള്ളവര്‍ പദ്ധതിയെ അവിശ്വസിച്ചിരുന്നില്ല.

കേസന്വേഷിക്കുന്ന പോലീസ് സംഘം ബാലകൃഷ്ണ ഭട്ടിന്റെ രണ്ട് കാറുകള്‍ നേരത്തെ കസ്റ്റഡയിലെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ജൂലായ് 27നാണ് രണ്ടാംപ്രതിയായ വരദേശിനെ കുശാല്‍നഗറില്‍വെച്ച് പോലീസ് പിടികൂടിയത്. ഇതിനുശേഷമാണ് ബാലകൃഷ്ണ ഭട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ബാലകൃഷ്ണഭട്ട് മടിക്കേരിയിലും സകലേശ്പുരത്തും ഉണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പോലീസ് രണ്ടു സംഘങ്ങളായി അന്വേഷണംനടത്തി. ഈ ഘട്ടത്തിലാണ് ബാലകൃഷ്ണ ഭട്ട് കീഴടങ്ങിയത്. ദക്ഷിണകര്‍ണാടക പോലീസ് സൂപ്രണ്ട് ഡോ. ശരണപ്പയുടെ നേതൃത്വത്തില്‍ പുത്തൂര്‍ റൂറല്‍ പോലീസാണ് കേസന്വേഷിക്കുന്നത്.

More Citizen News - Kasargod