ശുദ്ധീകരിച്ച വെള്ളം ഇനി നഗരസഭ നല്കും

Posted on: 04 Aug 2015പദ്ധതിക്ക് ജില്ലാഭരണകൂടത്തിന്റെ അംഗീകാരം


കാസര്‍കോട്:
ശുദ്ധജല ദൗര്‍ലഭ്യത്തിന് പരിഹാരംകാണാന്‍ കാസര്‍കോട് നഗരസഭയുടെ പുതിയ പദ്ധതി. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനുമായി കൈകോര്‍ത്താണ് പദ്ധതി വിഭാവനംചെയ്തിരിക്കുന്നത്. പ്രത്യേകം സജ്ജമാക്കുന്ന പ്ലാന്റില്‍നിന്ന് വെള്ളം ശുദ്ധീകരിച്ചെടുത്ത് നഗരസഭാ പരിധിയില്‍ എത്തിക്കുന്ന പദ്ധതിക്ക് കളക്ടര്‍ അനുമതി നല്കി.
പദ്ധതി യാഥാര്‍ഥ്യമായാല്‍ ജലവിതരണത്തിന് ബദല്‍മാര്‍ഗം തേടുന്ന സംസ്ഥാനത്തെ മൂന്നാമത്തെ തദ്ദേശഭരണ സ്ഥാപനമാകും കാസര്‍കോട് നഗരസഭ. കഴിഞ്ഞ മാര്‍ച്ചില്‍ മലപ്പുറം നഗരസഭയാണ് സംസ്ഥാനത്താദ്യമായി ശുദ്ധീകരിച്ച വെള്ളമെത്തിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കിയത്. കൊച്ചിന്‍ കോര്‍പ്പറേഷനും പദ്ധതി നടപ്പാക്കി.
നിലവില്‍ സ്വകാര്യകമ്പനികള്‍ക്കുള്‍പ്പെടെ ഒരു ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്നതിന് പരമാവധി ചെലവുവരുന്നത് 50 പൈസയാണ്. 20 ലിറ്ററിന്റെ കുപ്പിയിലാണ് വെള്ളം വിതരണം ചെയ്യുക. പദ്ധതിപ്രകാരം 20 ലിറ്റര്‍ വെള്ളം പത്തുരൂപയ്ക്ക് ശുദ്ധീകരിച്ചെടുക്കാം. വീടുകളില്‍ എത്തിക്കുന്നതുള്‍പ്പെടെയുള്ള എല്ലാ ചെലവുകളുമടക്കം പരമാവധി 20 രൂപയ്ക്കുള്ളില്‍ ഒരു കുപ്പി ശുദ്ധജലം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ നഗരസഭയ്ക്ക് സാധിക്കും. 20 ലിറ്ററിന്റെ കുപ്പിക്ക് 60 രൂപയാണ് സ്വകാര്യ കമ്പനികള്‍ ഈടാക്കുന്നത്. സാധാരണക്കാര്‍ ഉള്‍പ്പെടെ പിന്തുണലഭിക്കുമെന്നും പദ്ധതി ജനകീയമാകുമെന്നുമുള്ള വിശ്വാസത്തിലാണ് നഗരസഭാ ഭരണസമിതി.
നേരത്തെ സാങ്കേതികത്വത്തിന്റെ പേരില്‍ ജില്ലാ ആസൂത്രണസമിതി തള്ളിയ പദ്ധതിക്ക് അപ്പീലിലൂടെയാണ് കാസര്‍കോട് നഗരസഭ ജില്ലാഭരണകൂടത്തില്‍നിന്ന് അംഗീകാരം നേടിയത്. ഈ പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന വനിതാവികസന കോര്‍പ്പറേഷനെ നിര്‍വഹണ ഏജന്‍സിയായി നേരത്തെതന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
വിദ്യാനഗറിലെ വ്യവസായകേന്ദ്രത്തില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പദ്ധതിക്കായി മൂന്ന് ശുദ്ധീകരണപ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. 25 ലക്ഷം രൂപയാണ് ഒരു പ്ലാന്റിന് ചെലവ്. പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയായശേഷം നടത്തിപ്പിന് വനിതാ വികസന കോര്‍പ്പറേഷന് കൈമാറുമെന്നും ഒരു മാസത്തിനകം ജലവിതരണം നടത്താനാകുമെന്നും കാസര്‍കോട് നഗരസഭാ സെക്രട്ടറി കെ.ടി.വിനയന്‍ പറഞ്ഞു.
നഗരസഭാപരിധിയിലെ കുടുംബശ്രീ യൂണിറ്റിനെയാവും പ്ലാന്റിന്റെ തുടര്‍നടത്തിപ്പിനായി ചുമതലപ്പെടുത്തുക.

More Citizen News - Kasargod