കായികപഠനത്തിനായി പുസ്തകങ്ങളെത്തി; അധ്യാപകരെത്തിയില്ല

Posted on: 03 Aug 2015കുമ്പള: കായികപഠനത്തിനായി പുസ്തകങ്ങളെത്തിയെങ്കിലും പഠിപ്പിക്കാനായി മിക്ക വിദ്യാലയങ്ങളിലും കായികാധ്യാപകരില്ലാത്ത അവസ്ഥ. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് പഠനനേട്ടങ്ങളുറപ്പുവരുത്താനാണ് കലാ-കായിക പഠനത്തിനായി പുസ്തകങ്ങളേര്‍പ്പെടുത്തിയത്. ഇതിനായി നിലവിലുള്ള പീരിയഡുകളുടെ എണ്ണം കൂട്ടുകയുംചെയ്തു. മറ്റ് പീരിയഡുകളുടെ സമയം കുറച്ച് കലാ-കായിക പഠനത്തിനായി സമയം കണ്ടെത്തുകയായിരുന്നു. പുതുതായി പരിഷ്‌കരിച്ച രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ കുട്ടികള്‍ക്കായി കായികപഠനത്തിനായുള്ള പുസ്തകങ്ങള്‍ ശനിയാഴ്ച ജില്ലയിലെ ബി.ആര്‍.സി. കളിലെത്തി. തിങ്കളാഴ്ച ഇവ വിതരണംചെയ്യും. ജില്ലയില്‍ ഹൈസ്‌കൂളുകളില്‍ മാത്രമാണ് കായികാധ്യാപകരുള്ളത്. എല്‍.പി., യു.പി. വിഭാഗങ്ങളില്‍ കായികാധ്യാപകരെ നിയമിച്ചിട്ടില്ല. അധ്യാപക പാക്കേജിലുള്‍പ്പെട്ട അധ്യാപകര്‍ക്ക് കായികപരിശീലനം നല്കി വിദ്യാലയങ്ങളില്‍ നിയമിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും നടന്നില്ല. കായികാധ്യാപകരെ നിയമിക്കുമ്പോള്‍ ഉത്തരവില്‍ എച്ച്.എസ്.എ., യു.പി.എസ്.എ. എന്നിങ്ങനെയാണെങ്കിലും ഒന്നു മുതല്‍ 12 വരെയുള്ള എല്ലാ ക്ലാസുകളിലും കായികപരിശീലനം നല്‌കേണ്ടത് ഒരേഅധ്യാപകന്‍ തന്നെയാണ്. കായികമികവിന് പേരുകേട്ട മലയോരപ്രദേശങ്ങളിലെ വിദ്യാലയങ്ങളിലും ഇതുതന്നെയാണ് സ്ഥിതി.
കുട്ടികളുടെ എണ്ണക്കുറവനുസരിച്ച് ചിലയിടങ്ങളില്‍ കായികധ്യാപകര്‍ നിലനില്പ് ഭീഷണിയിലുമാണ്. ഹൈസ്‌കൂളുകളില്‍ എട്ട്, ഒമ്പത് ക്ലാസുകളില്‍ അഞ്ച് പീരിയഡുള്ള കായികാധ്യാപകരെ നിലനിര്‍ത്തിയിരുന്നു. അതില്‍ കുറവുവന്നവരെ ക്ലബ്ബിങ്ങില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ യു.പി.എസ്.എ. ആണെങ്കില്‍ 500 കുട്ടികളില്‍ കുറവുള്ളവരെ ക്ലബ്ബിങ്ങില്‍ ഉള്‍പ്പെടുത്തുകയാണ്. കാസര്‍കോട്ട് കായികാധ്യാപികയായി 25 വര്‍ഷത്തിലധികം സേവനംചെയ്ത അധ്യാപികയെ രണ്ട് കുട്ടികളുടെ എണ്ണക്കുറവിനാല്‍ സ്ഥലംമാറ്റിയ നടപടി മുമ്പ് വിവാദമാവുകയും ചെയ്തിരുന്നു. പുസ്തകങ്ങളെത്തിയെങ്കിലും ആര് എങ്ങനെ പഠിപ്പിക്കും എന്നതിനെക്കുറിച്ച് അധികൃതര്‍ക്ക് മറുപടിയില്ല.

More Citizen News - Kasargod