കൃഷി നശിപ്പിച്ച് മലയോരത്ത് വീണ്ടും കാട്ടാന: നാട്ടുകാര്‍ ഭീതിയില്‍

Posted on: 03 Aug 2015

രാജപുരം:
കൃഷി നശിപ്പിച്ച് മലയോരത്ത് വീണ്ടും കാട്ടാനശല്യം. പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളി, പെരുമുണ്ട, ഹൊസമന പ്രദേശങ്ങളിലാണ് കാട്ടാനക്കൂട്ടമിറങ്ങി വ്യാപക കൃഷിനാശം വരുത്തിയത്. നൂറിലധികം കമുക്, ഇരുപതോളം തെങ്ങ്, റബ്ബര്‍, വാഴ എന്നിവ നശിപ്പിച്ചു. കമുക് കൃഷിക്ക് ജലസേചനത്തിനായി ഉപയോഗിച്ച 140 മീറ്റര്‍ പി.വി.സി. പൈപ്പും പൂര്‍ണമായി നശിപ്പിച്ചു. കൂടാതെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. പെരുമുണ്ടയിലെ കൂസപ്പ ഗൗഡ, പി.എസ്.ദുര്‍ഗപ്പ ഗൗഡ, ഹൊസമനയിലെ ഗംഗാധര ഗൗഡ, പി.എസ്.അനില്‍ എന്നിവരുടെ കാര്‍ഷിക വിളകളാണ് കാട്ടനക്കൂട്ടം നശിപ്പിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി നാല് ആനകളാണ് ജനവാസകേന്ദ്രത്തിലെത്തി കൃഷി നശിപ്പിച്ചത്. കര്‍ണാടക വനത്തില്‍നിന്ന് സൗരവേലിയില്ലാത്ത പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഭാഗത്തുകൂടിയാണ് ആനക്കൂട്ടമിറങ്ങുന്നത്. കഴിഞ്ഞദിവസം കൂസപ്പ ഗൗഡയുടെ വീടിനുസമീപം വരെ ആനയെത്തിയത് നാട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്. പടക്കം പൊട്ടിച്ചും കൃഷിയിടത്തില്‍ വിളക്കുകത്തിച്ചുെവച്ചുമാണ് കര്‍ഷകര്‍ ആനകളെ തുരത്തുന്നത്. എന്നാല്‍, പലപ്പോഴും ആനക്കൂട്ടം പിന്‍വാങ്ങുന്നില്ല. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ അതിര്‍ത്തികളില്‍ സൗരവേലി നിര്‍മിച്ചാല്‍ മാത്രമേ കാട്ടാനശല്യം നേരിടാന്‍ കഴിയുകയുള്ളൂവെന്ന് നാട്ടുകാര്‍ പറയുന്നു.

More Citizen News - Kasargod