അധ്യാപികയില്ല; നീലേശ്വരം ഗവ. എല്‍.പി. സ്‌കൂളില്‍ പഠനം താളംതെറ്റുന്നു

Posted on: 03 Aug 2015നീലേശ്വരം: 250-ഓളം കുട്ടികള്‍ പഠിക്കുന്ന നീലേശ്വരം ഗവ. എല്‍.പി. സ്‌കൂളില്‍ ആവശ്യമായ അധ്യാപകര്‍ ഇല്ലാത്തതിനാല്‍ പഠനം അവതാളത്തിലായി. പ്രഥമാധ്യാപിക ഉള്‍പ്പെടെ നാല് അധ്യാപികമാരാണുള്ളത്. ഇവരില്‍ ഒരധ്യാപിക ജൂണ്‍ അഞ്ചിന് സ്ഥലം മാറിപ്പോയി. പകരം അധ്യാപികയെ രണ്ട് മാസം കഴിഞ്ഞിട്ടും നിയമിച്ചിട്ടില്ല.
നീലേശ്വരം നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന മികച്ച നിലവാരം പുലര്‍ത്തുന്ന വിദ്യാലയത്തിലേക്ക് നിരവധി അധ്യാപകര്‍ സ്ഥലം മാറ്റത്തിന് അപേക്ഷനല്കിയിട്ടുണ്ടെങ്കിലും ആരെയും നിയമിച്ചിട്ടില്ല. വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലായതിനാല്‍ പി.ടി.എ. കമ്മിറ്റി ഒരു താത്കാലിക അധ്യാപികയെ നിയമിച്ചിട്ടുണ്ടെങ്കിലും മതിയായ വേതനം നല്കാന്‍ കഴിയുന്നില്ല. പാഠപുസ്തകങ്ങള്‍ ലഭിക്കുവാന്‍ വൈകുകയും പരീക്ഷയ്ക്ക് പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ അധ്യാപകര്‍ പെടാപ്പാട് പെടുമ്പോള്‍ ഈ സര്‍ക്കാര്‍ വിദ്യാലയത്തില്‍ അധ്യാപികതന്നെ ഇല്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വിദ്യാലയത്തിന്റെ മൂന്ന്, നാല് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന പ്രധാനകെട്ടിടം ചോര്‍ന്നൊലിക്കുന്നത് വേറൊരു പ്രശ്‌നം. മേല്‍ക്കൂര പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടിയാണ് ചോര്‍ച്ച തടഞ്ഞിരിക്കുന്നത്. അധ്യാപികയുടെ ഒഴിവ് നികത്തണമെന്ന് പി.ടി.എ. ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. സി.പ്രഭാകരന്‍ അധ്യക്ഷതവഹിച്ചു.

More Citizen News - Kasargod