ഒടുവില്‍ പനിയന്വേഷിക്കാന്‍ ഉദ്യോഗസ്ഥരെത്തുന്നു

Posted on: 03 Aug 2015കാഞ്ഞങ്ങാട്: ജില്ലയില്‍ ജനങ്ങള്‍ പനിച്ചുവിറച്ചപ്പോള്‍ എത്തിനോക്കാതിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ പനി നിയന്ത്രിതമായപ്പോള്‍ സന്ദര്‍ശനത്തിനെത്തുന്നു. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. രമേശിന്റെ നേതൃത്വത്തിലുള്ള ഉന്നതസംഘമാണ് തിങ്കളാഴ്ച ജില്ല സന്ദര്‍ശിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസിലെത്തുന്ന അസി. ഡയറക്ടര്‍ പനിബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കൂടാതെ, കളക്ടറെ സന്ദര്‍ശിച്ച് ജില്ലയിലെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ആരായുകയും വിലയിരുത്തുകയും ചെയ്യും.
ഈവര്‍ഷം ജനവരി മുതല്‍ ജൂണ്‍ 30വരെയായി 49,811 പേരാണ് പനിബാധിച്ച് ജില്ലയിലെ സര്‍ക്കാര്‍ അലോപ്പതി ആസ്​പത്രികളില്‍ ചികിത്സതേടിയത്. ഹോമിയോ, ആയൂര്‍വേദ ആസ്​പത്രികളില്‍ ചികിത്സതേടിയവര്‍ ഇതിനുപുറമെയാണ്. ദിനംപ്രതി 500-നും 1000-ത്തിനുമിടയില്‍ രോഗികളാണ് പനിക്ക് ചികിത്സതേടിയത്. ജൂലായ് മാസം മുതല്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാെയന്ന് കണക്കുകള്‍ വ്യക്തമാക്കുന്നതായി െഡപ്യൂട്ടി ഡി.എം.ഒ. ഡോ. ഇ.മോഹനന്‍ പറഞ്ഞു. ജൂണ്‍ 30 വരെ 222 പേര്‍ക്ക്‌ െഡങ്കിപ്പനി ബാധിച്ചതായും രണ്ട് പനിബാധിതര്‍ മരിച്ചതായും കണക്കുകള്‍ വെളിപ്പെടുത്തുന്നു. െഡങ്കിപ്പനിക്ക് പുറമെ എച്ച്1എന്‍1, മലമ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവയും റിപ്പോര്‍ട്ടുചെയ്യപ്പെട്ടിരുന്നു.
മലയോരമേഖലയില്‍ ചില പ്രദേശങ്ങളില്‍ െഡങ്കിപ്പനി പടര്‍ന്നുപിടിച്ചത് ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. ഉന്നതസംഘം സ്ഥലം സന്ദര്‍ശിക്കണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കിയിരുന്നില്ല.
ഇതിനിടെ ജില്ലയിലെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും വിലയിരുത്താനുമായി സംസ്ഥാന റിവ്യൂ മിഷനും 11 മുതല്‍ ജില്ല സന്ദര്‍ശിക്കും. ആരോഗ്യവകുപ്പിന്റെ ഫണ്ട് വിനിയോഗം മുതല്‍ ആസ്​പത്രികളിലെ വാര്‍ഡ് സാനിറ്റേഷന്‍വരെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും സംഘം പരിശോധിക്കും.
ആരോഗ്യവകുപ്പ് അനുവദിച്ച ഫണ്ടുകള്‍ യഥാസമയം വിനിയോഗിച്ചിട്ടുണ്ടോ, ഇതിന് ഗുണപരമായ മാറ്റമുണ്ടായോ എന്നീ കാര്യങ്ങള്‍ സംഘത്തിന്റെ പരിശോധനാവിഷയങ്ങളാണ്. വിനിയോഗിക്കാതെ ബാക്കിനില്ക്കുന്ന ഫണ്ടുകള്‍ സംബന്ധിച്ച് ജില്ലയിലെ ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‌കേണ്ടിവരും.

More Citizen News - Kasargod