കണ്ണീരും ചോരയും വീഴാത്ത നാടിനായി ഡി.വൈ.എഫ്.ഐ.യുടെ മാ നിഷാദ

Posted on: 02 Aug 2015കാഞ്ഞങ്ങാട്: മാസങ്ങളുടെ ഇടവേളയല്‍ രണ്ട് വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയ നാട്ടില്‍, ജനമനഃസാക്ഷിയുണര്‍ത്തി ഡി.വൈ.എഫ്.ഐ.യുടെ മാനിഷാദ. മീനാപ്പീസ് കടപ്പുറത്തെ അഭിലാഷിന്റെയും കല്യോട്ട് കണ്ണോത്തെ ഫഹദിന്റെയും കൊലപാതകത്തിന് മുമ്പില്‍ പകച്ചുപോയ നാടിന് സ്‌നേഹത്തിന്റെ കൈകോര്‍ക്കല്‍ കൂടിയായി ചടങ്ങ്.
കഴിഞ്ഞ നവംബറിലാണ് ഹൊസ്ദുര്‍ഗ് സ്‌കൂള്‍ വിദ്യാര്‍ഥിയായ അഭിലാഷ് കൊല്ലപ്പെട്ടത്. സഹപാഠികള്‍ വെള്ളത്തില്‍ മുക്കിക്കൊന്നുവെന്നാണ് കേസ്. കഴിഞ്ഞമാസമാണ് കല്യോട്ട് സ്‌കൂളിലെ മൂന്നാം ക്ലാസുകാരന്‍ ഫഹദ് അയല്‍വാസിയുടെ കൊലക്കത്തിക്ക് ഇരയായത്.
ജനമനസ്സുകളില്‍ വര്‍ഗീയതയും വിദ്വേഷവും കുത്തിക്കയറ്റുന്നതിന്റെ ഫലമാണ് ഇത്തരം ദാരുണ അന്ത്യത്തിലേക്ക് എത്തിച്ചേരുന്നതെന്ന് മാനിഷാദ ഓര്‍മിപ്പിച്ചു. ഇനിയാരും കൊലക്കത്തിക്കിരയാകരുതെന്നും അതിനുള്ള പ്രവര്‍ത്തനമാണ് നടത്തേണ്ടതെന്നും പ്രവര്‍കരോട് ആവര്‍ത്തിച്ചാവശ്യപ്പെട്ടായിരുന്നു ചടങ്ങില്‍ പങ്കെടുത്ത സാംസ്‌കാരിക പ്രവര്‍ത്തകരുള്‍പ്പടെയുള്ളവര്‍ പ്രസംഗിച്ചത്.
സംസ്ഥാന പ്രസിഡന്റ് ടി.വി.രാജേഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സംഘ പരിവാരശക്തികളുടെ ബി ടീമായിട്ടാണ് കേരളത്തിലെ യു.ഡി.എഫ്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കടപ്പുറത്തെ അഭിലാഷിന്റെ കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ന്യൂനപക്ഷ വര്‍ഗീയതയോടുള്ള വിധേയത്വംകൊണ്ടാണ്. കൊല്ലപ്പെട്ട രണ്ടുകുട്ടികളുടെ കുടംബങ്ങളുടെ രാഷ്ട്രീയചായ്!വ് സി.പി.എമ്മിനോടായിപ്പോയി എന്നതിനാല്‍ രണ്ടു കൊലപാതകങ്ങളെയും നിസ്സാരവത്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളും നടക്കുന്നുണ്ട് -രാജേഷ് പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് പി.കെ.നിഷാന്ത് അധ്യക്ഷതവഹിച്ചു.
മനുഷ്വത്വം മരവിച്ച മനസ്സുകളെ സൃഷ്ടിക്കുന്ന രാഷ്ട്രീയ-സാംസ്‌കാരിക പരിസരങ്ങളാണ് അഭിലാഷിന്റെയും ഫഹദിന്റെയും കൊലപാതകങ്ങളെന്ന് മുഖ്യപ്രഭാഷണം നടത്തിയ കഥാകൃത്ത് ഡോ. അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി.അപ്പുക്കുട്ടന്‍, ഡി.വൈ.എഫ്.ഐ. ജില്ലാസെക്രട്ടറി കെ.മണികണ്ഠന്‍, സംസ്ഥാനകമ്മറ്റിയംഗം വി.പ്രകാശന്‍, ജില്ലാപ്രസിഡന്റ് അഡ്വ. കെ.രാജ്‌മോഹനന്‍, സി.പി.എം. ജില്ലാകമ്മറ്റിയംഗം വി.വി.രമേശന്‍, ഏരിയാ സെക്രട്ടറി പി.നാരായണന്‍, ശിവജി വെള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു. ഫഹദിന്റെ സഹോദരങ്ങളുടെ പഠനച്ചെലവുകള്‍ക്കായി ഡി.വൈ.എഫ്.ഐ. സ്വരൂപിച്ച ഫണ്ട് പിതാവ് കണ്ണോത്തെ അബ്ബാസിനു കൈമാറി.

More Citizen News - Kasargod