അംഗീകൃത കടവുകളിലെ വിലക്ക്; അനധികൃത മണല്‍കടത്തുകാര്‍ക്ക് ചാകര

Posted on: 02 Aug 2015ചെറുവത്തൂര്‍: പഞ്ചായത്ത്, നഗരസഭാ നിയന്ത്രണത്തിലുള്ള മണല്‍കടവുകള്‍ക്ക് ഏര്‍പ്പെടുത്തിയ താത്കാലിക വിലക്ക് അനധികൃത മണല്‍ കടത്തുകാര്‍ക്ക് പണം കൊയ്യാനുള്ള അവസരമായി. മൂന്നുമാസമായി തുടരുന്ന വിലക്കുകാരണം ചെറുവത്തൂര്‍ പഞ്ചായത്തിലെ മയ്യിച്ച, കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ പൊതാവൂര്‍, പുലിയന്നൂര്‍, നീലേശ്വരം നഗരസഭയിലെ കച്ചേരി, ആനച്ചാല്‍, കോട്ടപ്പുറം, കാര്യങ്കോട് തുടങ്ങിയ കടവുകളിലാണ് മണല്‍വാരല്‍ നിലച്ചത്.
വിലക്ക് നീക്കാത്തതിനെത്തുടര്‍ന്ന് മണല്‍വാരല്‍ തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും തൊഴിലില്ലാതായി. ആയിരത്തോളം പുരുഷ തൊഴിലാളികളും 250 സ്ത്രീ തൊഴിലാളികളും ആറു കടവുകളെ ആശ്രയിച്ച് തൊഴിലെടുക്കുന്നുണ്ട്. അംഗീകൃത മണല്‍വാരല്‍ നിലച്ചതോടെ ഇവിടെനിന്ന് മണല്‍ കടത്തിക്കൊണ്ടുപോകുന്ന ടെമ്പോ ലോറി തൊഴിലാളികള്‍ക്കും തൊഴിലില്ലാതായി.
അംഗീകൃത കടവുകളിലെ മണല്‍വാരലിന് വിലക്ക് വന്നതോടെ അനധികൃത മണല്‍കടത്ത് വ്യാപകമായി. അതേസമയം, ഇ മണല്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്ന സാധാരണക്കാര്‍ ആശങ്കയിലാണ്. നിരോധം തുടര്‍ന്നാല്‍ ഇവര്‍ക്ക് അനധികൃത മണല്‍കടത്തുകാരെ ആശ്രയിക്കേണ്ടിവരും. വന്‍തുകയാണ് മണല്‍കടത്ത് സംഘം ഈടാക്കുന്നത്.
ഇടക്കാലത്ത് പോലീസ് നടപടി ശക്തമായതിനാല്‍ പിന്നാക്കംപോയ അനധികൃത മണല്‍കടത്തുകാര്‍ ഇപ്പോള്‍ വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ട്. മഴക്കാലമായതിനാലാണ് കടവുകള്‍ക്ക് താത്കാലിക നിരോധം ഏര്‍പ്പെടുത്തിയത്. മഴ മാറിയ സാഹചര്യത്തില്‍ കടവ് തുറന്നുപ്രവര്‍ത്തിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

More Citizen News - Kasargod