മാതൃകയാക്കാം, പാടിക്കീലിലെ അടുക്കളയെ

Posted on: 02 Aug 2015ചെറുവത്തൂര്‍: വീടുകളിലെ അടുക്കളയില്‍നിന്ന് ഏതാണ്ട് പുറത്തായ താളും തവരയും തുടങ്ങി വാഴയുടെ കാമ്പും കൂമ്പും വരെ പാടിക്കീല്‍ ഗവ. യു.പി. സ്‌കൂളിലെ കുട്ടികള്‍ക്ക് ഇഷ്ടവിഭവം. സ്‌കൂളിലെ കഞ്ഞിപ്പുരയില്‍ വിഭവങ്ങളൊരുക്കാനും പാചകത്തൊഴിലാളിയെ സഹായിക്കാനും അമ്മമാരെത്തുന്നതും പാടിക്കീല്‍ സ്‌കൂളിലെ വേറിട്ടകാഴ്ച.
ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ 148 കുട്ടികളുടെ അമ്മമാരില്‍ രണ്ടു പേര്‍വീതം എല്ലാ ദിവസവും ഭക്ഷണമൊരുക്കാനെത്തും. ചേമ്പില. ചേനയില, തവര, മുരിങ്ങയില തുടങ്ങിയ ഇലക്കറികള്‍, വാഴയുടെ കണ്ട, കാമ്പ്, കൂമ്പ്, ചക്ക, പപ്പായ തുടങ്ങിയവയും രക്ഷിതാക്കള്‍ നേരിട്ടെത്തിച്ച് ഇഷ്ടവിഭവങ്ങളാക്കും. സ്‌കൂള്‍ പരിസരത്തെ പാടത്തും പറമ്പിലും വിളയുന്ന പച്ചക്കറിയില്‍ ഒരുഭാഗം വിദ്യാലയത്തിലെത്തിക്കുന്നതിലും നാട്ടുകാര്‍ക്ക് സന്തോഷം.
ഉച്ചഭക്ഷണം നല്ലരീതിയില്‍ ഒരുക്കുന്നതിന് ഉച്ചഭക്ഷണ കമ്മിറ്റിയുണ്ട്. എല്ലാമാസവും അഞ്ചിന് യോഗംചേരും. വരവ്-ചെലവ് കണക്ക് അവതരിപ്പിച്ച ശേഷം അടുത്തമാസത്തെ 'മെനു' തയ്യാറാക്കും. അധ്യാപികയായ കെ.അജിതയാണ് ഉച്ചഭക്ഷണ കമ്മിറ്റിയുടെ കണ്‍വീനര്‍. കമ്മിറ്റിയില്‍ രക്ഷിതാക്കളും സക്രിയരായതോടെ ആവശ്യമായ ജൈവപച്ചക്കറി വിദ്യാലയത്തില്‍ത്തന്നെ വിളയിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് പ്രധമാധ്യാപകന്‍ വി.ദാമോദരനും സഹാധ്യപകരും.

More Citizen News - Kasargod