ജില്ലയിലെ ആറ് റോഡുകള്‍ മോഡല്‍ റോഡുകളായി ഉയര്‍ത്തും

Posted on: 02 Aug 2015കാസര്‍കോട്: ജില്ലയിലെ ആറ് ജില്ലാപഞ്ചായത്ത് റോഡുകള്‍ മോഡല്‍ റോഡുകളായി ഉയര്‍ത്താന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ജില്ലയില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിടുന്നത്. കുട്ടമത്ത്-കയ്യൂര്‍ റോഡ്, ചിറപ്പുറം-ചായ്യോം-ബങ്കളം റോഡ്, കാലിച്ചാമരം-പരപ്പ റോഡ്, വിദ്യാനഗര്‍-നീര്‍ച്ചാല്‍-മുണ്ട്യത്തടുക്ക റോഡ്, ചട്ടഞ്ചാല്‍-ബണ്ടിച്ചാല്‍ റോഡ്, ബളാല്‍-രാജപുരം റോഡ് എന്നിവയാണ് മോഡല്‍ റോഡുകളായി ഉയര്‍ത്തുക. ഈ റോഡുകള്‍ മെക്കാഡം ടാറിങ് നടത്തി മനോഹരമാക്കും. കാല്‍നടയാത്രക്കാര്‍ക്കും സൈക്കിളുകള്‍ക്കും പോകാന്‍ പ്രത്യേക സൗകര്യമൊരുക്കും. ഓവുചാലുകളും നിര്‍മിക്കും. ജില്ലാപഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നബാര്‍ഡിന്റെ സഹകരണത്തോടെ ജില്ലയിലെ നാല് സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കും. ജി.എച്ച്.എസ്.എസ്. കുട്ടമത്ത്, ജി.എച്ച്.എസ്.എസ്. കക്കാട്, ജി.എച്ച്.എസ്.എസ്. കമ്പല്ലൂര്‍, ജി.എച്ച്.എസ്.എസ്. പള്ളിക്കര എന്നീ സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യമാണ് വികസിപ്പിക്കുക.
പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി.ജനാര്‍ദനന്‍, ഓമന രാമചന്ദ്രന്‍, കെ.സുജാത, അംഗങ്ങളായ പാദൂര്‍ കുഞ്ഞാമു ഹാജി, ഹരീഷ് പി.നായര്‍, പി.കുഞ്ഞിരാമന്‍, എന്‍.ശങ്കര്‍ റൈ, പ്രമീള സി.നായിക്, എ.ജാസ്മിന്‍, എ.കെ.എം.അഷറഫ്, എം.തിമ്മയ്യ. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod