ഫ്രാന്‍സില്‍ മലയാളത്തിന്റെ രുചി വിളമ്പി അംബികയും രതിയും

Posted on: 02 Aug 2015കാസര്‍കോട്: സാമ്പാറും ചോറും കോഴിക്കറിയും പായസവുമെല്ലാം ഫ്രാന്‍സിന്റെ രുചികളില്‍ നിറച്ച് അംബികയും രതിയും മടങ്ങിയെത്തി. ആഴ്ചകള്‍ക്കുമുമ്പ് അപ്രതീക്ഷിതമായാണ് കുടുംബശ്രീപ്രവര്‍ത്തകരായ അംബികയെയും രതിയെയും തേടി ഫ്രാന്‍സിലെ ഗാനറ്റ് ഫോക്ലോര്‍ ഫെസ്റ്റിവലിന്റെ ക്ഷണമെത്തുന്നത്. യുനസ്‌കോയുടെ സഹകരണത്തോടെ നടത്തുന്ന ഫെസ്റ്റിവലില്‍ എത്തുന്നവര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനാണ് ഇവര്‍ക്ക് ക്ഷണം ലഭിച്ചത്. 32 രാജ്യങ്ങളില്‍നിന്നായി നിരവധി ഫോക്ലോര്‍ കലാകാരന്‍മാര്‍ മാറ്റുരയ്ക്കുന്ന 41 വര്‍ഷം പാരമ്പര്യമുള്ള ഉത്സവമാണ് ഗാനറ്റ് ഫോക്ലോര്‍ ഫെസ്റ്റിവല്‍.
കാഞ്ഞങ്ങാട്ട് നടന്ന ഫോക്ലോര്‍ പരിപാടിയില്‍ ഇവരായിരുന്നു കലാകാരന്മാര്‍ക്ക് ഭക്ഷണം ഒരുക്കിയിരുന്നത്. ഇതാണ് ഫ്രാന്‍സിലേക്കുള്ള യാത്രയില്‍ കലാശിച്ചത്. 10 ദിവസമാണ് ഗാനറ്റ് എന്ന പേരില്‍ പരിപാടി നടന്നത്. ഓരേയൊരു വ്യവസ്ഥ മാത്രമേ ഫെസ്റ്റിവല്‍ അധികൃതര്‍ ഇവര്‍ക്ക് മുമ്പില്‍ വെച്ചുള്ളു, ഭക്ഷണം തികച്ചും കേരളത്തനിമ ഉള്ളതായിരിക്കണം.
ബസുമതി അരി കൊണ്ടുളള ചോറും സാമ്പാറും തോരനും സാലഡും കോഴിക്കറിയും പായസവും ഫെസ്റ്റിവെലില്‍ വിളമ്പി. പായസത്തിന്റെ രുചിക്കൂട്ടിന്റെ രഹസ്യമറിയാനും പ്രശംസിക്കാനും ഒപ്പംനിന്ന് ഫോട്ടോയെടുക്കാനും നിരവധി വിദേശികളാണ് എത്തിയതെന്ന് അംബികയും രതിയും പറയുന്നു. എടനീരിലെ ശ്രീലക്ഷ്മി കുടുംബശ്രീ അംഗങ്ങളാണ് രതിയും അംബികയും. നിരവധി വര്‍ഷങ്ങളായി കാറ്ററിങ് സര്‍വീസ് രംഗത്തുള്ള ഇവര്‍ കേരളത്തിനകത്തും പുറത്തും നിരവധിയിടങ്ങളില്‍ ഭക്ഷ്യമേളകളില്‍ പങ്കാളികളായിട്ടുണ്ട്.

More Citizen News - Kasargod