കൈയേറിയ ഭൂമി തിരിച്ചുപിടിക്കാതെ എക്‌സൈസ് വകുപ്പ്‌

Posted on: 02 Aug 2015അഞ്ചുവര്‍ഷമായി ഫയലിന് അനക്കമില്ല


കാസര്‍കോട്: കോട്ടകള്‍ ൈകയേറിയത് പുറത്തുവന്നതിന് പിന്നാലെ എക്‌സൈസ് വകുപ്പിന്റെ 12 സെന്റ് ഭൂമിയും അപ്രത്യക്ഷമായാതായി റിപ്പോര്‍ട്ട്. അഞ്ചുവര്‍ഷം മുമ്പ്‌ ൈകയേറ്റം കണ്ടെത്തിയ സംഭവത്തില്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള ഒരു നടപടിയുമുണ്ടായില്ല. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ അയച്ച റിപ്പോര്‍ട്ട് എക്‌സൈസ് വകുപ്പിലെ ഉന്നതരുടെ ഓഫീസില്‍ ഉറങ്ങുന്നു.
എക്‌സൈസ് വകുപ്പിന്റെ കുമ്പള റേഞ്ച് ഓഫീസിനായി കോയിപ്പാടി വില്ലേജിലെ ശാന്തിപ്പള്ളത്ത് 2002 സപ്തംബര്‍ 26-ന് ജില്ലാ ഭരണകൂടം 32 സെന്റ് അനുവദിച്ചു. എന്നാല്‍, ഈ സ്ഥലത്ത് ചുറ്റുമതില്‍ കെട്ടാനും സംരക്ഷിക്കാനും എക്‌സൈസ് വകുപ്പ് തയ്യാറായില്ല. 2009-ല്‍ കുമ്പള റേഞ്ച് ഓഫീസ് കെട്ടിടനിര്‍മാണം നടക്കുമ്പോഴാണ് സ്ഥലം നഷ്ടപ്പെട്ടതായി സംശയം ഉയര്‍ന്നത്. തുടര്‍ന്നാണ് എക്‌സൈസ് അധികൃതര്‍ സ്ഥലത്തിന്റെ സ്‌കെച്ച് പരിശോധിക്കുന്നതും ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കുന്നതും.
ഇതനുസരിച്ച് കാസര്‍കോട് താലൂക്ക് സവേയര്‍ സ്ഥലം അളന്നു. തെക്കുഭാഗത്ത് 12 സെന്റും കിഴക്കുഭാഗത്ത് മൂന്ന് സെന്റും ൈകയേറിയതായി റിപ്പോര്‍ട്ട് നല്‍കി. ഇതില്‍ മൂന്ന് സെന്റിലെ ൈകയേറ്റം ഒഴിപ്പിച്ചു. എന്നാല്‍, 12 സെന്റ്‌ ൈകയേറിയ സ്വകാര്യവ്യക്തി ഇരുനിലമാളിക പണിത് താമസം ആരംഭിച്ചിരുന്നു. കൂടാതെ, സമീപത്തെ കോളനിയിലേക്ക് തന്റെ വക എന്ന പേരില്‍ എക്‌സൈസ് വകുപ്പിന്റെ സ്ഥലം വിട്ടുകൊടുത്ത് വഴി ആക്കുകയും ചെയ്തു.
ജില്ലാ ഭരണകൂടം പ്രശ്‌നത്തില്‍ ഇടപെട്ട്‌ ൈകയേറ്റം ഒഴിപ്പിക്കണമെന്ന നിലപാടെടുത്തു. എന്നാല്‍, സ്വകാര്യവ്യക്തി നിര്‍മിച്ച ഇരുനിലമാളികയുടെ പകുതിയും എക്‌സൈസ് വകുപ്പിന്റെ ഭൂമിയിലാണെന്ന് വ്യക്തമായതോടെ പ്രശ്‌നം സങ്കീര്‍ണമായി. താന്‍ ൈകയേറിയതല്ലെന്നും മറ്റൊരാളില്‍നിന്ന് ഭൂമി വിലകൊടുത്തു വാങ്ങിയതാണെന്നും സ്വകാര്യവ്യക്തി അറിയിച്ചു. കൂടാതെ എക്‌സൈസ് വകുപ്പിന്റെ സ്ഥലത്തോടുചേര്‍ന്ന് ബന്ധുവിന്റെ പേരിലുള്ള സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് കാണിച്ച് സ്വകാര്യവ്യക്തിയും ബന്ധുവും രേഖാമൂലം ഉറപ്പ് നല്‍കി.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രശ്‌നത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ചോദിച്ച് കളക്ടര്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് 2010 ഡിസംബര്‍ നാലിന് കത്തയച്ചു. എന്നാല്‍, സര്‍ക്കാര്‍ അനുമതിക്ക് കാത്തിരിക്കുന്നു എന്ന മറുപടി മാത്രമാണ് എക്‌സൈസ് വകുപ്പില്‍നിന്നുണ്ടായത്. തുടര്‍ന്നുള്ള അഞ്ച് വര്‍ഷത്തിനിടയ്ക്ക് എക്‌സൈസ് വകുപ്പ് ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

More Citizen News - Kasargod