ജനമൈത്രി പോലീസും നാട്ടുകാരും ചേര്‍ന്ന് ദേശീയപാതയോരം ശുചീകരിച്ചു

Posted on: 01 Aug 2015
നീലേശ്വരം: ജനമൈത്രി പോലീസും നാട്ടുകാരും ചേര്‍ന്ന് ദേശീയപാതയോരം ശുചീകരിച്ചു. നീലേശ്വരത്തെ ജനമൈത്രി പോലീസാണ് ഇത്തരമൊരു മാതൃകയുമായി ആദ്യം രംഗത്തെത്തിയത്. ഒപ്പം നഗരസഭയും കൈകോര്‍ത്തു. അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുല്‍കലാമിനോടുള്ള ആദരസൂചകമായാണ് ശുചീകരണം.

നീലേശ്വരം നഗരസഭാതിര്‍ത്തിയായ നെടുങ്കണ്ട മുതല്‍ കാര്യങ്കോട് വരെയുള്ള ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള കാടും വള്ളിപ്പടര്‍പ്പുകളുമാണ് വെള്ളിയാഴ്ച വെട്ടിമാറ്റി ശുചിയാക്കിയത്. ചീറ്റക്കാല്‍ വളവിലെ കാടുകളും വെട്ടിമാറ്റി. കരുവാച്ചേരിയിലെ കൊടുംവളവിലെ കാടുകള്‍ വെട്ടിമാറ്റുകയും പാതയോരം മണ്ണിട്ട് നിരപ്പാക്കുകയുംചെയ്തു. നീലേശ്വരം പാലത്തിന്റെ സമീപം കാട് മൂടിയിരുന്നത് മുഴുവന്‍ വൃത്തിയാക്കി.

എക്‌സൈസ് ജീവനക്കാര്‍, കാര്‍ഷിക കോളേജ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജീവനക്കാര്‍, ഓട്ടോ തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, സന്നദ്ധസംഘടന ക്ലബ് പ്രവര്‍ത്തകര്‍ തുടങ്ങിയവരും നാട്ടുകാരും ശുചീകരണത്തില്‍ പങ്കാളികളായി. രാവിലെ ഏഴിന് തുടങ്ങിയ ശുചീകകരണയജ്ഞം 11 മണിയോടെയാണ് പൂര്‍ത്തിയായത്.

ചീറ്റക്കാല്‍ വളവില്‍ നഗരസഭാധ്യക്ഷ വി.ഗൗരി ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനംചെയ്തു. എസ്.ഐ. പി.ജെ.ജോസ് അധ്യക്ഷതവഹിച്ചു. എസ്.ഐ. മോഹനന്‍, അഡിഷണല്‍ എസ്.ഐ. കെ.ചന്ദ്രന്‍, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാരായ കെ.നാരായണന്‍, പി.രാമചന്ദ്രന്‍, നഗരസഭാ ഉപാധ്യക്ഷ ടി.വി.ശാന്ത, കൗണ്‍സിലര്‍മാരായ ടി.വി.അമ്പൂട്ടി, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, കെ.റോസ, പി.വി.സുരേഷ് ബാബു, കെ.കാര്‍ത്ത്യായനി, സെക്രട്ടറി എന്‍.കെ.ഹരീഷ്, എക്‌സൈസ് ഓഫീസര്‍ കെ.രാഘവന്‍, കെ.വാസുദേവന്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്കി.

More Citizen News - Kasargod