ഓലാട്ട്, കൂക്കാനം ഭാഗങ്ങളില്‍ ആറുപേരെ തെരുവുനായ കടിച്ചു

Posted on: 01 Aug 2015കരിവെള്ളൂര്‍: കൂക്കാനം വടക്ക്, ഓലാട്ട് ചക്ലിയ കോളനി എന്നിവിടങ്ങളിലെ ആറുപേരെ തെരുവുനായ കടിച്ചു. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയുമാണ് ഉറങ്ങിക്കിടക്കുന്നവരെയടക്കം നായ കടിച്ചത്. ഒലാട്ട് ചക്ലിയ കോളനിയിലെ സുന്ദരി, തങ്കമണി, തമ്പാന്‍, ശശി എന്നിവര്‍ക്കും കൂക്കാനം വടക്കുള്ള തങ്കമണിക്കുമാണ് കടിയേറ്റത്. ഒരു കര്‍ണാടക സ്വദേശിക്കും കടിയേറ്റിട്ടുണ്ട്. പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ രാത്രിയില്‍ കിടന്നുറങ്ങുമ്പോഴാണ് എഴുപതുകാരിയായ സുന്ദരിക്ക് തലയ്ക്ക് കടിയേറ്റത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സതേടി. കടിയേറ്റവരില്‍ ബധിര, മൂകനായ തമ്പാനും ഉള്‍പ്പെടും. കടമുറിയില്‍ കിടന്നുറങ്ങുമ്പോഴാണ് കര്‍ണാടക സ്വദേശിക്ക് കടിയേറ്റത്. കടയുടെ ഷട്ടര്‍ അല്പം ഉയര്‍ത്തിയിട്ടുണ്ടായിരുന്നു. അതുവഴിയാണ് നായ കടന്നത്.
കടിയേറ്റവര്‍ ആസ്​പത്രികളില്‍ ചികിത്സതേടി. ഒരാഴ്ചമുമ്പ് കൂക്കാനത്ത് പേപ്പട്ടിശല്യം ഉണ്ടായിരുന്നു. നിരവധി വളര്‍ത്തുമൃഗങ്ങളെ കടിച്ച പേപ്പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊന്നിരുന്നു. കൂക്കാനത്തും പരിസരങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. വിജനമായ പ്രദേശങ്ങളില്‍ വലിച്ചെറിയുന്ന കോഴി അവശിഷ്ടങ്ങളാണ് തെരുവുനായ്ക്കള്‍ വര്‍ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

More Citizen News - Kasargod