കലാം പറഞ്ഞ സ്വപ്‌നങ്ങള്‍ അരയിയിലെ കുട്ടികള്‍ കണ്ടു

Posted on: 01 Aug 2015അധികമണിക്കൂറില്‍ 50 വികസനപദ്ധതികള്‍


കാഞ്ഞങ്ങാട്: എ.പി.ജെ.അബ്ദുല്‍ കലാം പറഞ്ഞു. 'എല്ലാവരും സ്വപ്‌നം കാണുക. ആകാശത്തോളം വളരുക. നാടിനെ വികസനോന്മുഖമാക്കുക'. ഒപ്പം ഇത്രയുംകൂടി ഓര്‍മിപ്പിച്ചു. തന്റെ വിയോഗത്തില്‍ അനുശോചിക്കുന്നത് അധികമണിക്കൂര്‍ പണിയെടുത്തിട്ടാകട്ടെ. കാഞ്ഞങ്ങാട് അരയി ഗവ. യു.പി. സ്‌കൂള്‍ കലാം കാണാന്‍ പറഞ്ഞ സ്വപ്‌നങ്ങള്‍ കണ്ടു. അധികമായി പ്രവര്‍ത്തിച്ച അഞ്ചുമണിക്കൂര്‍കൊണ്ട് അവര്‍ പദ്ധതികള്‍ ഉണ്ടാക്കി. അഞ്ചുവര്‍ഷംകൊണ്ട് ആ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുമെന്ന് പ്രതിജ്ഞയുമെടുത്തു.
മുത്ത് എന്ന പേരില്‍ തയ്യാറാക്കിയ പുസ്തകത്തില്‍ സ്വപ്‌നപദ്ധതികള്‍ എഴുതിച്ചേര്‍ത്തു. എല്ലാ ക്ലാസുകളും ഡിജിറ്റൈസ് ചെയ്യണം. എല്ലാവര്‍ക്കും ലാപ്‌ടോപ്. കലാ-കായിക ശേഷി വര്‍ധിപ്പിക്കാന്‍ നാട്ടിലെ ക്ലബ്ബുകളുമായി കൈകോര്‍ക്കല്‍. പുരോഗതിയിലേക്ക് കുതിച്ചാലും നാടിനെ മറക്കാതിരിക്കാന്‍ ചരിത്ര മ്യൂസിയം. ജീവിതനൈപുണി എന്ന പേരില്‍ സ്വയംതൊഴില്‍ പരിശീലനകേന്ദ്രം. സ്വയം സംരംഭകരാകുന്നതെങ്ങനെയെന്ന് പഠിപ്പിക്കല്‍... ഇത്തരത്തില്‍ 50 പദ്ധതികളാണ് തയ്യാറാക്കിയത്.
ഇതെല്ലാം എങ്ങിനെ പ്രാവര്‍ത്തികമാകുമെന്ന ചോദ്യമൊന്നും വേണ്ട. അതിനുത്തരം മറ്റൊരു പ്രോജക്ട് നല്കും. സ്‌കൂളിലെ വികസനസമിതി ധനശേഖരണം നടത്തും. ധനസമാഹരണത്തിന്റെ പലവിധ മാര്‍ഗങ്ങളും പദ്ധതിയിലുണ്ട്. 2020-ല്‍ അരയി സ്‌കൂള്‍ ഈ രീതിയില്‍ പുരോഗമിക്കുമെന്ന പ്രഖ്യാപനവും നടന്നു.
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് മുന്‍ മേധാവി ഡോ. പി.കെ.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പി.രാജന്‍ അധ്യക്ഷതവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.എം.സദാനന്ദന്‍, പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്‍, കെ.അമ്പാടി, രാജേഷ് കൂട്ടക്കനി, കെ.വി.സൈജു എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod