ദുരിതബാധിതര്‍ക്ക് കുട്ടികള്‍ കൈത്താങ്ങാകണം -കെ.ആര്‍.മീര

Posted on: 01 Aug 2015മുള്ളേരിയ: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ കുട്ടികള്‍ക്കാവണമെന്ന് എഴുത്തുകാരി കെ.ആര്‍.മീര പറഞ്ഞു. കര്‍ണാടക സര്‍ക്കാറിന്റെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ വിജയിച്ച് ബെംഗളൂരു ഹോമിയോപ്പതി മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ ശ്രുതിയെ ആദരിക്കാന്‍ എന്‍വിസാജും ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ്. യൂണിറ്റും ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മീര.
അപകടം നടന്നാല്‍പ്പോലും രക്ഷിക്കാന്‍ ശ്രമിക്കാത്ത, ദുരിതജീവിതം നയിക്കുന്നവരെ കണ്ടില്ലെന്ന് നടിക്കുന്ന തലമുറയായി മാറരുതെന്ന് കെ.ആര്‍.മീര വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു. മുള്ളേരിയ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ബെള്ളൂര്‍ നെഞ്ചംപറമ്പില്‍ പണിയുന്ന ആറ് വീടുകളുടെ പ്രഖ്യാപനവും നടത്തി.
രണ്ടുവര്‍ഷത്തിലേറെക്കാലമായി കാറഡുക്ക പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന എന്‍വിസാജിന്റെ 'സാന്ത്വനക്കൂട്ടം' പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തകരെ ആദരിച്ചു. സാന്ത്വനക്കൂട്ടത്തിനുവേണ്ടി കോഴിക്കോട് 'പാഠഭേദം' ഗ്രൂപ്പ് ശേഖരിച്ച പുസ്തകങ്ങളുടെ സഞ്ചരിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനവും നടന്നു. ലീലാകുമാരിയമ്മ, പ്രകാശ് ബാരെ, എം.എ.റഹിമാന്‍, ജി.ബി.വത്സന്‍, എ.കെ.മുണ്ടോള്‍, പ്രിന്‍സിപ്പല്‍ ഇ.ജെ.പോള്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ കെ.ഷാഹുല്‍ ഹമീദ്, പി.ടി.എ.പ്രസിഡന്റ് ജഗന്നാഥ, വി.വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod