ഓവുചാലുകള്‍ വൃത്തിയാക്കിയില്ല; നീലേശ്വരം വെള്ളത്തില്‍

Posted on: 01 Aug 2015നീലേശ്വരം: കാലവര്‍ഷം ശക്തമായതോടെ നീലേശ്വരം നഗരം വെള്ളത്തിലായി. വര്‍ഷകാലത്ത് താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിലാവുക പതിവാണെങ്കിലും നഗരം വെള്ളത്തിലാകുന്നത് അപൂര്‍വമാണ്. വെള്ളക്കെട്ടം മാലിന്യവും നഗരത്തെ കൊതുകുവളര്‍ത്തുകേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ വ്യാപകമായ സാഹചര്യത്തില്‍ കൊതുകുകടിയില്‍നിന്ന് ജനങ്ങള്‍ മോചിതരല്ല.
മഴക്കാലത്തിനുമുമ്പായി നഗരത്തിലെ ഓവുചാലുകള്‍ വൃത്തിയാക്കുക പതിവാണെങ്കിലും നഗരസഭയുടെ കാലാവധി അവസാനിക്കാറായതിനാല്‍ അത് നടന്നില്ല. ഓവുചാലുകളില്‍ മാലിന്യവും മണ്ണും നിറഞ്ഞ് മഴവെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാതായി. മഴപെയ്താല്‍ ഓവുചാലുകള്‍വഴിയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതിനാല്‍ വെള്ളം നഗരത്തില്‍തന്നെ കെട്ടിക്കിടക്കുകയാണ്.
ബസ്സ്റ്റാന്‍ഡ് മുതല്‍ റെയില്‍വേ മേല്പാലംവരെയുള്ള പ്രദേശങ്ങള്‍ ഏതാനുംദിവസംമുമ്പ് പെയ്ത മഴയില്‍ വെള്ളത്തിലായിരുന്നു. കടകളിലേക്ക് വെള്ളം കയറിയത് വ്യാപാരികളെയും ബാധിച്ചിരുന്നു. വെള്ളംകയറിയതോടെ നഗരം മുഴുവന്‍ മാലിന്യങ്ങള്‍കൊണ്ട് നിറഞ്ഞു. പേരോല്‍ കോണ്‍വെന്റ് ജങ്ഷനിലും ഇതേ അവസ്ഥയാണ്. വെള്ളംകയറിയതോടെ നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് ഫോണ്‍വിളികളുടെ പ്രളയമായിരുന്നു. ഒടുവില്‍ എത്തിയ നഗരസഭാ ശുചീകരണജീവനക്കാര്‍ നിലവിലുള്ള ഓവുചാലുകള്‍ക്ക് മുകളിലെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ പാരകൊണ്ട് കുത്തിപ്പൊളിച്ചാണ് വെള്ളം ഒഴുകിപ്പോകാന്‍ വഴിയൊരുക്കിയത്. ആയിരങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച സ്ലാബാണ് നഗരസഭതന്നെ പൊളിച്ചുനീക്കിയത്.
മഴ ശക്തമാകുമ്പോള്‍ ബസ്സ്റ്റാന്‍ഡില്‍നിന്ന് വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ല. സ്റ്റാന്‍ഡ് യാര്‍ഡും വെള്ളത്തിലാവുക പതിവാണ്. മാര്‍ക്കറ്റ് ജങ്ഷന്‍ മുതല്‍ കോണ്‍വെന്റ് ജങ്ഷന്‍വരെയുള്ള റോഡിലെ വെള്ളക്കെട്ട് കാരണം റോഡ് പൂര്‍ണമായും തകര്‍ന്നടിഞ്ഞനിലയിലാണ്. പലസ്ഥലങ്ങളിലും രൂപാന്തരപ്പെട്ട കുഴികളില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ പതിവാണ്.
അനധികൃത കൈയേറ്റവും റോഡിന്റെ വീതികുറവും വെള്ളക്കെട്ടും നഗരജീവിതം ദുസ്സഹമാക്കുകയാണ്. ഗതാഗതസ്തംഭനം പതിവുകാഴ്ചയാണ്. റോഡരികിലെ കാലപ്പഴക്കംചെന്ന കെട്ടിടങ്ങളും നഗരത്തിലെ അനധികൃത പാര്‍ക്കിങ്ങും ഗതാഗതക്കുരുക്കിന് കാരണമാകുന്നു.

More Citizen News - Kasargod