കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാത: യാത്രക്കാരുടെ നടുവൊടിയും

Posted on: 01 Aug 2015രാജപുരം: യാത്രക്കാരുടെ നടുവൊടിച്ച് കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാത. ശക്തമായ മഴയില്‍ തകര്‍ന്ന റോഡില്‍ കുഴികള്‍ രൂപപ്പെട്ടതോടെയാണ് യാത്രാദുരിതം തുടങ്ങിയത്. കുഴികളില്‍ വെള്ളംനിറഞ്ഞ് ഇരുചക്രവാഹനങ്ങളടക്കം അപകടത്തില്‍പ്പെടുന്നത് സ്ഥിരംകാഴ്ചയാണ്.
കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയില്‍ ഏഴാംമൈല്‍ മുതല്‍ പാണത്തൂര്‍ വരെയുള്ള ഭാഗം മെക്കാഡംടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭംനടത്തിയിട്ടും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കപ്പെട്ടില്ല. കഴിഞ്ഞദിവസം രാത്രി പാതയിലെ വെള്ളംനിറഞ്ഞ കുഴിയില്‍വീണ് ബൊലേറോയുടെ ആക്‌സില്‍ ഒടിഞ്ഞതോടെ വാഹനത്തിലുണ്ടായിരുന്ന കുടുംബം മറ്റൊരുവാഹനം വാടകയ്ക്കുവിളിച്ചാണ് യാത്ര തുടര്‍ന്നത്.
പലപ്പോഴും മഴയുടെ തുടക്കത്തില്‍ ടാറിങ് നടത്തുന്നതിനാല്‍ ദിവസങ്ങള്‍ക്കകം തന്നെ പാത തകരുകയാണ്. പനത്തടി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് മുതല്‍ പാണത്തൂര്‍ ബാപ്പുങ്കയംവരെയുള്ള ആറുകിലോമീറ്ററോളംഭാഗം കഴിഞ്ഞവര്‍ഷം ടാറിങ് നടത്തിയെങ്കിലും മഴയില്‍ ദിവസങ്ങള്‍ക്കകംതന്നെ റോഡില്‍ കുഴികള്‍ രൂപപ്പെട്ടു. പനത്തടിടൗണ്‍ മുതല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്വരെയുള്ള ഭാഗം അറ്റകുറ്റപ്പണിനടത്തിയിട്ട് ഒരു പതിറ്റാണ്ടായി.
വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിലുള്‍പ്പെടുത്തി ഈ ഭാഗത്ത് ടാറിങ് നടത്താന്‍ അനുമതിയായിരുന്നു. കരാര്‍നടപടികളും പൂര്‍ത്തിയായി. എന്നാല്‍, ടാറിങ്ങിനുള്ള സാധനസമാഗ്രികള്‍ വാങ്ങാന്‍ പണം അനുവദിച്ചുകിട്ടണമെങ്കില്‍ രണ്ടുവര്‍ഷംവരെ കാത്തിരിക്കണം. അതുകൊണ്ടുതന്നെ ഈവര്‍ഷവും ഇവിടെ ടാറിങ് നടത്താനാവില്ല. കുഴികളടച്ച് അറ്റകുറ്റപ്പണികളെങ്കിലും നടത്തി യാത്രാദുരിതത്തിന് പരിഹാരംകാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

More Citizen News - Kasargod