ജനങ്ങളുടെ സുരക്ഷയില്‍ നഗരസഭയ്ക്ക് താത്പര്യമില്ലേ?

Posted on: 01 Aug 2015ട്രാഫിക് റഗുലേറ്ററി കമ്മിറ്റി നിര്‍ജീവം


കാസര്‍കോട്:
വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും അധികൃതര്‍ കണ്ണുതുറക്കുന്നില്ല. ബസ്സ്റ്റാന്‍ഡും പുതിയ ബസ്സ്റ്റാന്‍ഡ് സര്‍ക്കിളും മോഡികൂട്ടുന്ന അധികൃതര്‍ റോഡിലിറങ്ങിനടക്കുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അറിയുന്നേയില്ല. ചെറുതുംവലുതുമായ നിരവധി അപകടങ്ങളാണ് നഗരപരിധിയില്‍ അടുത്തിടെ നടന്നത്. പലപ്പോഴും ജനങ്ങളുടെ പ്രതിഷേധം പോലീസിനുനേരെ മാത്രമാകും. അപ്പോഴും പ്രദേശത്തെ തദ്ദേശസ്ഥാപനം ഒരു വാക്കുപോലും ഉരിയാടിയിട്ടില്ല.
എല്ലായിടത്തും അതത് തദ്ദേശഭരണസ്ഥാപനം രൂപവത്കരിക്കുന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയാണ് ഗാതഗതനിയന്ത്രണത്തിനുള്ള സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത്. എന്നാല്‍, കാസര്‍കോട് നഗരസഭയില്‍ അത്തരത്തിലുള്ളൊരു കമ്മിറ്റിയുണ്ടോയെന്നുതന്നെ സംശയമാണ്. വാഹനങ്ങളുടെ പാര്‍ക്കിങ്, എവിടെയൊക്കെ വണ്‍വേ ആവശ്യമാണ് എന്നെല്ലാം തീരുമാനിക്കേണ്ടത് ഈ കമ്മിറ്റിയാണ്. നേരത്തെ നഗരസഭയ്ക്കു കീഴില്‍ ഇത്തരത്തിലൊരു കമ്മിറ്റി രൂപവത്കരിച്ചിരുന്നെങ്കിലും മറ്റു പ്രവര്‍ത്തനങ്ങളൊന്നുമുണ്ടായിട്ടില്ല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ റഗുലേറ്ററി കമ്മിറ്റിയില്‍ അംഗങ്ങളാണ്.
നഗരത്തിലെ ഗതാഗതനിയന്ത്രണത്തിന് നഗരസഭ താത്പര്യമെടുത്താല്‍ അതുമായി സഹകരിക്കാന്‍ പോലീസ് സന്നദ്ധരാണെന്നും അല്ലാതെ അപകടം സംഭവിക്കുമ്പോള്‍ പോലീസിനെമാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ഉന്നത പോലീസുദ്യോഗസ്ഥര്‍ പറയുന്നു.
നഗരത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട സിഗ്നല്‍ സംവിധാനംപോലും നിലവില്‍ കാസര്‍കോട്ട് ഇല്ല. ട്രാഫിക് പരിഷ്‌കാരത്തിനായി പോലീസ് നല്കുന്ന ശുപാര്‍ശകളാണെങ്കില്‍ ഫയലില്‍തന്നെ കിടക്കുകയാണ്. ഗതാഗതനിയന്ത്രണത്തിനായി നഗരസഭയ്ക്കുകീഴില്‍ ഒരു കമ്മിറ്റിയുണ്ടെങ്കില്‍ ഇനിയെങ്കിലും അവര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണം. ആളുകളെ ആകര്‍ഷിക്കും വിധത്തില്‍ നഗരത്തെ മനോഹരമാക്കുമ്പോള്‍ അതിനൊപ്പം ജനങ്ങളുടെ സുരക്ഷകൂടി പരിഗണിച്ച് ട്രാഫിക് സംവിധാനം മെച്ചപ്പെടുത്താന്‍ ഇനിയും വൈകരുത്.

More Citizen News - Kasargod