കോലത്തുനാട്ടിലൂടെ... ഓര്‍മകള്‍ വീണ വഴികള്‍ കൊട്ടിയടയ്ക്കുമ്പോള്‍.......

Posted on: 12 Oct 2014അതിരുകളും മതിലുകളും ആണ് ലോകത്തിലെവിടെയും സംഘര്‍ഷങ്ങളും വേദനകളും സൃഷ്ടിക്കുന്നത്. ഇന്ത്യയും ചൈനയും, ഇന്ത്യയും പാകിസ്താനും സംഘര്‍ഷത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നത് അതിരുകളെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ കൊണ്ടാണല്ലോ. ദശാബ്ദങ്ങളോളം രണ്ടുജര്‍മനികളെ വെടിമരുന്നിന്റെ മണമുള്ള മതിലുകള്‍ കൊണ്ട് വേര്‍തിരിച്ചെങ്കിലും പൂര്‍വബന്ധങ്ങളുടെ തടുക്കാനാവാത്ത പ്രണയത്തില്‍ ഒടുവില്‍ അവ പൊളിച്ചുമാറ്റി.
ചരിത്രപ്പഴമ ഓര്‍ത്തുപോയത് വെറുതെയല്ല. കണ്ണൂര്‍ കണ്‍ടോണ്‍മെന്റിന്റെ പരിസരത്തില്‍പ്പെട്ട ചില സ്ഥലങ്ങളില്‍ പട്ടാളം തങ്ങളുടെ അതിരുകള്‍ വകഞ്ഞുകെട്ടുന്നത് ഏറെക്കാലം അവിടെ ജീവിച്ചുവളര്‍ന്നവര്‍ക്കുള്ള വേദനയും ആശങ്കയും കണ്ടതുകൊണ്ടാണ്. വര്‍ഷങ്ങളായി ഈ പ്രദേശത്ത് പലയിടത്തും പട്ടാളം അതിര്‍ത്തിപ്രശ്‌നങ്ങള്‍ ഉയര്‍ത്തിയിരുന്നു. കഴിഞ്ഞദിവസം കണ്ണൂര്‍ പൂതിയ ബസ്സ്റ്റാന്‍ഡില്‍നിന്ന് ആസ്​പത്രി ബസ്സ്റ്റാന്‍ഡിലേക്ക് പോകുന്ന ബൈപ്പാസ് റോഡ് പട്ടാളം മതില്‍കെട്ടി അടച്ചതോടെ പ്രശ്‌നം രൂക്ഷമായി.
എത്രയോ വര്‍ഷങ്ങളായി നാട്ടുകാരും വാഹനങ്ങളും കടന്നുപോകുന്ന വഴിയാണത്. പരിസരത്ത് ജീവിക്കുന്നര്‍ മരിച്ചശേഷം ഇതുവഴി അവരുടെ ശവമഞ്ചവും വിലാപയാത്രയും കടന്നുപോയി. ശ്വാസംകിട്ടാത്ത രോഗികളെയുംകൊണ്ട് ആംബുലന്‍സുകള്‍ പലപ്പോഴും ഈ റോഡിലൂടെ പാഞ്ഞുപോയി. എളുപ്പത്തില്‍ ആസ്​പത്രിയിലെത്തുകവഴി ജീവന്‍ തിരിച്ചുകിട്ടുകയും ചെയ്തു. നഗരം തിരക്കില്‍ശ്വാസം മുട്ടുമ്പോള്‍ കുറെ വാഹനങ്ങള്‍ ഇതുവഴി പോകുന്നത് ആശ്വാസമായി. താവക്കര മുത്തപ്പന്‍ക്ഷേത്രം, ക്രിസ്ത്യന്‍പള്ളി സെമിത്തേരി, പള്ളിവക സ്‌കൂള്‍, പട്ടികജാതി കോളനി, ക്വാര്‍ട്ടേഴ്‌സുകള്‍ ഇതിനെയൊക്കെ ബാധിക്കുന്നതാണ് ഈ റോഡടച്ചിടല്‍.
നൂറ്റാണ്ടുകളായി ഇവിടെ താമസിച്ചുവരുന്നവര്‍ക്ക് അവരുടെ മുന്‍തലമുറകളുടെ വിയര്‍പ്പും കാലടിപ്പാടുകളും പുതഞ്ഞ വഴിയായിരുന്നു ഇത്. കര്‍ക്കശമായ പട്ടാളത്തിന്റെ അതിര്‍ത്തി വരകള്‍ക്കിടയില്‍ ഇത്തരം വൈകാരികതകള്‍ക്ക് സ്ഥാനമില്ലല്ലോ. കഴിഞ്ഞദിവസം കളക്ടറും നഗരസഭാ ചെയര്‍മാനുമൊക്കെ പട്ടാള അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. 'ധര്‍മാസ്​പത്രി സംരക്ഷണസമിതി'യുടെ പേരില്‍ സമീപവാസികളും നിവേദനം നല്‍കി. പേക്ഷ ഫലമുണ്ടായില്ല. സമാനമായ അതിര്‍ത്തിപിടിക്കല്‍ നേരേത്ത പയ്യാമ്പലം പാര്‍ക്കിന് സമീപവും സെന്റ് മൈക്കിള്‍സ് ഗ്രൗണ്ടിനുസമീപവും കണ്ണൂര്‍ കോട്ടയ്ക്ക് സമീപവും ഉണ്ടായിരുന്നു. പ്രതിഷേധവും ഉയര്‍ന്നു. ഒരുകാലത്ത് കോട്ടമൈതാനത്ത് കളിച്ചുവളര്‍ന്നതാണ് കണ്ണൂരിന്റെ കായികകരുത്ത്. മഹാസമ്മേളനങ്ങള്‍ ഇവിടെ നടന്നു. പ്രധാനമന്ത്രിമാര്‍ ഇവിടെ പ്രസംഗിച്ചു. പക്ഷെ ഇന്ന് അതും സാധാരണക്കാര്‍ക്ക് അപ്രാപ്യമായി.
പരിസരപ്രദേശത്തെ പല വീടുകളും പുതുക്കിപ്പണിയാനോ അറ്റുകുറ്റപ്പണി നടത്താനോ പറ്റാത്ത സ്ഥിതിയാണ്. ചില വീടുകള്‍ പൊളിക്കണം എന്ന നിര്‍േദശം വന്നുകഴിഞ്ഞു. വീടുകള്‍ നിര്‍മിച്ചതൊക്കെ ൈകേയറ്റമായാണ് പട്ടാളം കാണുന്നത്. നൂറ്റാണ്ടുകളായി വേരുകളും വികാരങ്ങളും ഓര്‍മകളും നനഞ്ഞുപടര്‍ന്ന ഇടങ്ങളില്‍നിന്ന് പറിച്ചുമാറ്റുന്നത് ഭൂമിശാസ്ത്രത്തിന്റെയോ സര്‍വേക്കല്ലിന്റെയോ കണക്കില്‍പ്പെടുത്തിയായിരിക്കരുത.് മറിച്ച് മനസ്സിന്റെ മാര്‍ദവം വെച്ചായിരിക്കണം.
19-ാം നൂറ്റാണ്ടുവരെ കണ്ണൂര്‍ കണ്‍ടോണ്‍മെന്റില്‍ പട്ടാളക്കാരും സിവിലിയന്‍മാരും ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. 1909 വരെ അറക്കല്‍ രാജവംശത്തിന് കീഴിലായിരുന്നു കണ്ണൂര്‍ കണ്‍ടോണ്‍മെന്റ് പ്രദേശം. സ്വാതന്ത്ര്യത്തിനുശേഷം ഈ സ്ഥലം പട്ടാളത്തിന് കീഴിലായി. അതിര്‍ത്തിക്കുള്ളിലെ സ്ഥലങ്ങള്‍ കുറെയേറെ ൈകേയറ്റത്തിന് വിധേയമായിരിക്കാം. പട്ടാളവും സിവിലിയന്‍മാരും തമ്മിലുള്ള നാഡീബന്ധം തന്നെയാണ് അവിടത്തെ റോഡുകളും ഊടുവഴികളും. ഇവ കെട്ടിയടയ്ക്കുന്നത് ഒരു തരം അകല്‍ച്ച ഉണ്ടാക്കും. ഇതിന് ഒരു പരിഹാരം കാണണം. കണ്ണീരും ചോരയും വീണുള്ള പരിഹാരമല്ല വേണ്ടത്. മറിച്ച് പരസ്​പരം യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടുള്ള രമ്യമായ പരിഹാരമാണ് വേണ്ടത്. അതുണ്ടാവാന്‍ ഇരുവിഭാഗവും ശ്രമിക്കണം. പട്ടാളത്തിന്റെ ഭാഗത്തും ജനങ്ങളുടെ ഭാഗത്തും ശരികളുണ്ട്. രണ്ട് ശരികള്‍ക്കിടയില്‍ ഉത്തമമായ ശരി സമ്മതിച്ചുകൊടുക്കാന്‍ കഴിയണം.
പ്രദേശത്തിന്റെയും രാജ്യത്തിന്റെയും കരുത്താണ് സൈന്യം. രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ചു പോരാടുന്നവര്‍. കണ്ണൂരിന്റെ ചരിത്രസാംസ്‌കാരിക കായിക ഭൂപടത്തില്‍ കണ്‍ടോണ്‍മെന്റിനും പട്ടാളത്തിനുമൊക്കെ വലിയ സ്ഥാനമാണ്. പടയോട്ടങ്ങള്‍ ഏറെ കണ്ട മണ്ണാണ് കണ്ണൂര്‍. അതുകൊണ്ടുതന്നെ അവരെ സ്‌നേഹിക്കുന്നവര്‍ക്കിടയിലെ സൗഹൃദ വഴികള്‍ ഒരിക്കലും കെട്ടിയടയ്ക്കരുത്. തുറക്കുന്ന വഴികളാണ് ജനാധിപത്യം, അടയ്ക്കുന്ന വഴികളല്ല.
രമ്യമായ പരിഹാരം തേടാന്‍ ജനനേതാക്കള്‍ കൂട്ടായി ശ്രമിക്കണം. കോണ്‍ഗ്രസുകാര്‍ക്ക് വേണമെങ്കില്‍ മുന്‍പ്രതിരോധമന്ത്രി എ.കെ.ആന്റണിയെ ബന്ധപ്പെടാം, ഭരണകക്ഷിയായ ബി.ജെ.പി.ക്ക് വേണമെങ്കില്‍ ഇപ്പോഴത്തെ പ്രതിരോധമന്ത്രി അരുണ്‍ െജയ്റ്റിലിയെ ബന്ധപ്പെടാം. അവരുടെ ശ്രദ്ധയിലും ജനവികാരം വരട്ടെ.


More News from Kannur