
ആദ്യഘട്ടത്തില്‍ മരുന്നുകള്‍ ഫലം കാണുമെങ്കിലും പതിയെ അവ രോഗപ്രതിരോധ ശേഷി നശിപ്പിക്കും. പിന്നീട്, അന്തരാവയവങ്ങളെ കടന്നാക്രമിക്കും. ഇത്തരത്തിലുള്ള മരുന്നുകള്‍ കഴിച്ച് മാറാരോഗവുമായി ജീവിക്കുന്നവര്‍ നിരവധിയാണ്. രോഗകാരണം മരുന്നുകളാണെന്ന് പലരും തിരിച്ചറിയുന്നില്ല. അറിഞ്ഞാല്‍ത്തന്നെ പുറത്തുപറയാന്‍ തയ്യാറാവുന്നുമില്ല.
വണ്ണം കൂട്ടാനായാലും കുറയ്ക്കാനായാലും കൂടുതല്‍ അധ്വാനിക്കാതെ കാര്യം നടക്കുമോ എന്നന്വേഷിക്കുന്നവരാണ് ഭൂരിഭാഗവും. ഇവരാണ് മരുന്നിന്റെയും ചികിത്സയുടെയും ലോകത്തെത്തുന്നത്. ഇവരെ മുന്നില്‍ക്കണ്ടാണ് വ്യാജ ചികിത്സകര്‍ വല നെയ്യുന്നത്. സ്റ്റീറോയ്ഡ് അടങ്ങിയ ഗുളികകളാണ് ഇത്തരത്തില്‍ നല്‍കുന്നത്. ഈ ഗുളിക കഴിക്കുന്നവര്‍ക്ക് നല്ല തോതില്‍ വിശപ്പുണ്ടാകും. അതുകൊണ്ടുതന്നെ ഭക്ഷണം കൂടുതല്‍ കഴിക്കാനും അതുവഴി, ശരീരത്തിന്റെ വണ്ണം കൂട്ടാനും കഴിയും. എന്നാല്‍ ഗുളിക നിര്‍ത്തിയാല്‍ താമസിയാതെ ശരീരം പഴയപടിയാവും. ഇതിനിടയില്‍ കരള്‍, വൃക്ക തുടങ്ങിയ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം പതിയെ നിലച്ചുതുടങ്ങും. പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, രക്താതിസമ്മര്‍ദം തുടങ്ങിയവ ബാധിക്കുകയും ചെയ്യും.
ഒരു വര്‍ഷം മുന്‍പ് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ആയുര്‍വേദത്തിന്റെ മറവില്‍ അതിവേഗം പ്രചരിച്ച, വണ്ണം കുറയ്ക്കാനുള്ള ഗുളിക സര്‍ക്കാരിന്റെ ഡ്രഗ്ഗ്സ് കണ്ട്രോള് വിഭാഗം ആയുര്‍വേദ ഡ്രഗ്ഗ് ഇന്‍സ്പെക്ടര്‍ പി.വൈ. ജോണിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തിരുന്നു. ഗുളിക കഴിച്ച് ആരോഗ്യപ്രശ്നമുണ്ടായവരുടെ പരാതികള്‍ കണക്കിലെടുത്തും, പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലുമായിരുന്നു ഇത്. ഗുളികയില്‍ ശരീരത്തെ ദോഷകരമായി ബാധിക്കുന്ന അനബോളിക് സ്റ്റിറോയിഡുകള്‍ (ഉത്തേജകമരുന്ന്) വലിയതോതില്‍ അടങ്ങിയതായി പരിശോധനയില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് കമ്പനി, ഗുളിക വിപണിയില്‍ നിന്ന് പിന്‍വലിച്ചെങ്കിലും ഗുളിക കഴിച്ചവരുടെ ദുരിതം പിന്നെയും ബാക്കിയായി. സമീപകാലത്ത് സമാനമായ മരുന്നുകള്‍ വീണ്ടും എത്തിക്കഴിഞ്ഞു.
എറണാകുളത്തും അയല്‍ ജില്ലകളിലും ഇത്തരം ഗുളികകള്‍ക്ക് ആവശ്യക്കാരേറെ. വ്യാജ സിദ്ധന്മാരും, വൈദ്യന്മാരും അംഗീകാരമില്ലാത്ത ഡോക്ടര്‍മാരും ആണ് ഇത്തരം ഗുളികകള്‍ നിര്‍ദേശിക്കുന്നത്. ജനത്തിന്റെ അംഗീകാരം എളുപ്പത്തില്‍ പിടിച്ചെടുക്കാന്‍ അത്ഭുത ഫലസിദ്ധിയുളവാക്കുന്ന ചികിത്സ നല്‍കുക എന്നതാണ് പ്രചാരണം.
കമ്പനിയുടെ ലേബല്‍ ഇല്ലാതെ ഗുളിക, കവര്‍ ഒഴിവാക്കി കൊടുക്കുന്നതാണ് ചികിത്സയുടെ രീതി. അതുകൊണ്ടു തന്നെ ഇവരെ നിയമത്തിന്റെ മുന്‍പിലേക്ക് കൊണ്ടുവരാന്‍ കഴിയില്ല. അംഗീകൃത ഡോക്ടര്‍മാരുടെ ലേബലില്‍ അവരറിയാതെ വ്യാജ മരുന്നുകള്‍ വില്പന നടത്തുന്നവരും ഉള്ളതായി അധികൃതര്‍ പറഞ്ഞു.