ആറുമാസം വരെയൊക്കെ മുലപ്പാല്‍ മാത്രമായാലും കുഴപ്പമില്ല. നാലുമാസം മുതല്‍ കുറുക്കൊക്കെ കൊടുത്തുതുടങ്ങാം. ആറുമാസമായാല്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കുറേശ്ശെ കൊടുത്തുതുടങ്ങണം. ഉരുളക്കിഴങ്ങ് പുഴുങ്ങിയത്, കാരറ്റ്, നേന്ത്രപ്പഴം ഇവയൊക്കെ വേവിച്ചത് ഒക്കെ ഞരടി ഉടച്ച് കുറേശ്ശെ കൊടുക്കണം. ഇഡ്ഡലി, ദോശ, അപ്പം ഇവയൊക്കെ ഞരടിയുടച്ച് കൊടുക്കാം.
ലേശം വെണ്ണയോ നെയ്യോ പഞ്ചസാരയോ ഒക്കെ സ്വാദിനു ചേര്‍ക്കാം. പലതും ഒരുമിച്ച് കൊടുക്കരുത്. ഓരോന്നും ഒന്നുരണ്ടു ദിവസം കൊടുത്തുനോക്കുക. പിന്നെ മാറ്റിമാറ്റി കൊടുത്തുനോക്കണം. കഴിക്കുന്നതിനനുസരിച്ച് ക്രമേണ അളവും വ്യത്യസ്തതയും കൂട്ടാം. ഒരു വയസ്സാകുമ്പോഴേക്കും വീട്ടില്‍ എല്ലാവരുടെയും ഒരുമിച്ചിരുന്ന് കഴിക്കാന്‍ പറ്റണം.