
രണ്ടുമാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ ശ്വസനത്തിന്റെ നിരക്ക് 60ല്‍ താഴെയും രണ്ടു മാസത്തിനും രണ്ടു വയസ്സിനും ഇടയ്ക്ക് 50ല്‍ താഴെയും രണ്ടിനും അഞ്ചിനും ഇടയ്ക്ക് 40ല്‍ താഴെയും അതിനു മുകളിലുള്ള പ്രായത്തില്‍ 30ല്‍ താഴെയുമാണ് വേണ്ടത്. ഇതില്‍ കൂടുതലുണ്ടെങ്കില്‍ ന്യൂമോണിയ തുടങ്ങിയ രോഗങ്ങള്‍ ആവാന്‍ സാധ്യതയുണ്ട്. ഡോക്ടറെ കാണാന്‍ വൈകിക്കേണ്ട.
ഇടയ്ക്കിടെ ചുമ വരുന്നുവെങ്കില്‍, ജലദോഷം വരുമ്പോഴോക്കെ, ഓടിയാല്‍, ചാടിയാല്‍, ചിരിച്ചാല്‍, കരഞ്ഞാല്‍, പിന്നെ രാത്രിയും വെളുപ്പിനുമൊക്കെയായി ചുമയ്ക്കുന്നുവെങ്കില് ആസ്ത്മ ആവാന്‍ സാധ്യതയുണ്ട്. ആസ്ത്മ ആയാലും പേടിക്കേണ്ട കാര്യമില്ല. നിയന്ത്രിച്ചു നിര്‍ത്താനും സുഖപ്പെടുത്താനും ഇന്ന് ധാരാളം മരുന്നുകളുണ്ട്. മൂക്കടപ്പ് കൊണ്ടാണ് ശ്വാസംമുട്ടലെങ്കില്‍ കുഞ്ഞിന് വായ് അടച്ചുപിടിക്കാന്‍ പ്രയാസമായിരിക്കും. കണ്ണുനീരിന്റെ രസമുള്ള ഉപ്പുവെള്ളം തിളപ്പിച്ചാറിച്ചത് ഒന്നോ രണ്ടോ തുള്ളി മൂക്കിലൊഴിച്ചാല്‍ മൂക്കടപ്പ് മാറും.