വേണ്ടത്ര പാലുണ്ടെങ്കില്‍ ആറുമാസം വരെ മുലപ്പാല്‍ മാത്രം മതിയാകും കുഞ്ഞിന്. നാലുമാസം കഴിഞ്ഞാല്‍ കുറുക്ക് പോലുള്ള ആഹാരങ്ങള്‍ കുറേശ്ശെ കൊടുത്തുതുട ങ്ങാം. മുലപ്പാലില്‍ നിന്നു കിട്ടുന്ന പോഷകങ്ങള്‍ക്കു പുറമേ, കുഞ്ഞിനാവശ്യമുള്ള ഇരുമ്പുസത്ത് ലഭിക്കാന്‍ നമ്മുടെ മുത്താറി (പഞ്ഞപ്പുല്ല്) അത്യുത്തമമാണ്. ഒന്നോ രണ്ടോ നേരം മുത്താറി കാച്ചിക്കൊടുക്കാം.
അപ്പോഴും മുലപ്പാല്‍ തുടരണം. മുലയൂട്ടല്‍ ഇത്രകാലംവരെ എന്നില്ല. രണ്ടുവയസ്സുവരെ സുഖമായി മുലയൂട്ടാം. പിന്നെയും തുടരാം. അടുത്ത കുഞ്ഞ് ഉടനെ വേണ്ട എന്നുള്ളവര്‍ക്ക് പറ്റിയ സ്വാഭാവിക ഗര്‍ഭനിരോധന മാര്‍ഗം കൂടിയാ ണ് മുലയൂട്ടല്‍. ക്രമേണ, പാല് കുറഞ്ഞുവരുമ്പോള്‍ കുട്ടി സ്വയം കുടി നിര്‍ത്തിക്കോളും. മുലയില്‍ ചെന്നിനായകവും മറ്റും പുരട്ടി ബല മായി നിര്ത്തിക്കേണ്ടതില്ല. പാലുള്ളപ്പോള്‍ നിര്‍ത്തുന്നത് അമ്മയ്ക്കും പ്രശ്നമുണ്ടാക്കും.
മുലപ്പാലിന്റെ ഗുണങ്ങള്‍ ഏറ്റവും കൂടിയിരിക്കുന്നത് ആദ്യത്തെ ആറുമാസങ്ങളിലാണ്. ക്രമേണ പല പോഷകങ്ങളും കുറഞ്ഞുവരുന്നു. പ്രസവശേഷം രണ്ടാമത്തെ ആഴ്ച മുലപ്പാലിലെ പ്രോട്ടീനിന്റെ അളവ് ഏകദേശം 12.7ഗ്രാം/100ml ആണ്. രണ്ടാംമാസമാകുമ്പോഴേക്ക് ഇത് 9 ഗ്രാം/100ml ആയും നാലാം മാസമാകുമ്പോഴേക്ക് ഇത് 8 ഗ്രാം/100ml ആയും കുറയുന്നു. പ്രോട്ടീന്‍ ഇതര നൈട്രജന്റെ അളവ് ആദ്യത്തെ മൂന്നുമാസത്തിനുള്ളില്‍ മുപ്പത് ശതമാനം കണ്ട് കുറയുന്നു. അതുപോലെത്തന്നെ ആദ്യത്തെ ആറുമാസം കഴിഞ്ഞാല്‍ മുലപ്പാലിനെ മാത്രം ആശ്രയിക്കാതെ നിര്‍ബന്ധമായും മറ്റ് പോഷകങ്ങള്‍ കൊടുത്തു തുടങ്ങുകയും വേണം.
കാരണം മുലപ്പാല്‍ ഇത്രയേറെ പോഷക സമ്പുഷ്ടമാണെങ്കിലും അതിനും ചില പരിമിതികള്‍ ഉണ്ട്. വിറ്റാമിന്‍ ഡി, അയേണ്‍, സിങ്ക് എന്നിവ മുലപ്പാലില്‍ വളരെ കുറച്ചേ അടങ്ങിയിട്ടുള്ളൂ. ഇത് കുഞ്ഞിന്റെ ശാരീരികാവശ്യങ്ങള്‍ക്ക് മതിയാവുകയില്ല. ആദ്യമാസങ്ങളില്‍ ഈ കുറവ് ഗര്‍ഭകാലത്ത് അമ്മയില്‍ നിന്നും കുഞ്ഞിനു കിട്ടിയ പോഷണങ്ങള്‍ പരിഹരിക്കുമെങ്കിലും തുടര്‍ന്നുള്ള മാസങ്ങളില്‍ മറ്റ് സ്രോതസ്സുകളിലൂടെ ഇവ ലഭ്യമാക്കിയില്ലെങ്കില്‍ കുഞ്ഞിന് ഇരുമ്പിന്റെ കുറവുകൊണ്ടുള്ള വിളര്‍ച്ചയും മറ്റും ഉണ്ടാകാനുള്ള സാദ്ധ്യയുണ്ട്.