* മരുന്ന് ഉപയോഗിക്കേണ്ട രീതിയും അളവും എല്ലാം കൃത്യമായി ചോദിച്ച് മനസ്സിലാക്കിയിരിക്കണം.
* ഡോക്ടര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് കൃത്യമായ അളവിലും സമയത്തും മരുന്നുകള്‍ ഉപയോഗിക്കണം.
* ഭക്ഷണവും മരുന്നും ഒരുമിച്ചു കഴിക്കരുത്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം സമയം ക്രമീകരിക്കണം.
* കുഞ്ഞുങ്ങള്‍ക്ക് ഗുളിക നല്കുമ്പോള് അവ തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ ലയിപ്പിച്ചു നല്‍കണം.
കൊല്ലം:ഹോമിയോ ചികിത്സ എന്ന് കേള്‍ക്കുമ്പോള്‍ ചിലരുടെയെങ്കിലും മനസ്സില്‍ ആദ്യമെത്തുക കുട്ടികള്‍ക്കുള്ള ചികിത്സ എന്നതാണ്. എന്നാല്‍ എല്ലാ രോഗങ്ങള്‍ക്കും ചികിത്സയുള്ള വിഭാഗമാണ് ഹോമിയോപ്പതി എന്നതാണ് യാഥാര്‍ഥ്യം. ശസ്ത്രക്രിയകള്‍ ഒഴികെയുള്ള ചികിത്സകള്‍ ഹോമിയോപ്പതിയില്‍ ലഭ്യമാണെന്ന് കരുനാഗപ്പള്ളി കൊല്ലക സ്വദേശി ഡോ.രശ്മി ചൂണ്ടിക്കാട്ടുന്നു.പണ്ടുമുതലേ കുട്ടികള്‍ക്കുള്ള ചികിത്സ എന്ന് അറിയപ്പെടുന്ന ഒരു വിഭാഗമാണ് ഹോമിയോപ്പതി. അതിനു കാരണമുണ്ടെന്ന് ഡോക്ടര്‍ പറയുന്നു. ''ഹോമിയോ മരുന്നുകള്‍ ഏതു പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്കായാലും കഴിക്കാന്‍ പ്രയാസമില്ല. തുള്ളിമരുന്നുകളോ ഗുളികകളോ കുഞ്ഞുങ്ങള്‍ക്ക് കഴിക്കാന്‍ പൊതുവെ ഇഷ്ടവുമാണ്''.
കുട്ടികള്ക്കുള്ളതായാലും മുതിര്ന്നവര്ക്കുള്ളതായാലും ഹോമിയോ മരുന്നുകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നില്ല. അതിനാല്‍ ശിശുരോഗങ്ങള്‍ക്ക് ഹോമിയോ ചികിത്സ എന്തുകൊണ്ടും നല്ലതാണ്. രോഗത്തിനെയല്ല രോഗിയെയാണ് ഹോമയോപ്പതിയില് ചികിത്സിക്കുന്നത്. രോഗിയുടെ അവസ്ഥ മനസ്സിലാക്കി ചികിത്സിക്കുന്നതിനാല്‍ ഫലം ഉറപ്പാണെന്ന് ഡോ.രശ്മി പറയുന്നു.
കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ എല്ലാഘട്ടത്തിലും ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് ചികിത്സ ഹോമിയോയില്‍ ഉണ്ട്. ഉദാഹരണമായി കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയിലുണ്ടാകുന്ന മുരടിപ്പ്, പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്കെല്ലാം ഫലപ്രദമായ ചികിത്സയുണ്ട്. രോഗം പ്രാഥമിക ഘട്ടത്തില്‍ത്തന്നെ മനസ്സിലാക്കുകയും അതിനനുസരിച്ച് ചികിത്സകള്‍ ക്രമീകരിക്കുകയും വേണം. കുട്ടികളിലുണ്ടാകുന്ന വില്ലന്‍ചുമ, ഇടയ്ക്കിടെയുണ്ടാകുന്ന പനി, ചുമ, ഡിഫ്തീരിയ, പിള്ളവാതം, മുണ്ടിനീര് തുടങ്ങിയ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും രോഗ ശമനമുണ്ടാക്കുന്നതിനും ഹോമിയോ ചികിത്സയ്ക്കാവും.
രോഗത്തെയല്ല രോഗിയെയാണ് ഹോമിയോയില്‍ ചികിത്സിക്കുന്നതിനാല്‍ രോഗിയുടെ അവസ്ഥ പൂര്‍ണ്ണമായും ഡോക്ടറുടെ അടുക്കല്‍ വിശദീകരിക്കണമെന്ന് ഡോ.രശ്മി പറയുന്നു. കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ അവസ്ഥ അറിയാന്‍ കഴിഞ്ഞാല്‍ അതനുസരിച്ച് ചികിത്സ തീരുമാനിക്കാനാവും. നേരത്തെയുണ്ടായിട്ടുള്ള രോഗങ്ങള്‍, ശാരീരികവും മാനസികവുമായ മറ്റു പ്രയാസങ്ങള്‍ ഇവയൊക്കെ ഡോക്ടറോട് വിശദമാക്കണം.മരുന്നുകള്‍ ഉപയോഗിക്കുമ്പോഴും ശ്രദ്ധ ആവശ്യമാണെന്ന് ഡോക്ടര്‍ രശ്മി നിര്‍ദ്ദേശിക്കുന്നു.
ബിജു പാപ്പച്ചന്