
ഭ്രൂണചര്മത്തിലെ കോശങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ നാഡീകോശങ്ങളെപ്പോലെ പെരുമാറുന്നരീതി പകര്‍ത്തിയാണ് ശാസ്ത്രജ്ഞര്‍ ഇത് സാധ്യമാക്കിയത്. നാഡികോശങ്ങളുടെ ഡി.എന്‍.എ ഘടന വിദഗ്ദമായി പകര്‍ത്തിയാണ് ഭ്രൂണകോശങ്ങള്‍ ഇക്കാര്യം സാധ്യമാക്കുന്നതെന്ന് കണ്ടെത്തിയാണ് മറ്റു ചര്‍മകോശങ്ങളെയും ഇതുപോലെ രൂപാന്തരം ചെയ്യാമെന്ന ആശയത്തില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്.
ഭ്രൂണകോശത്തില്‍ ഡി.എന്‍.എ മാതൃക പകര്‍ത്തുന്നരീതി വിശകലനം ചെയ്യാന്‍ ജനിതകപരിണാമം വരുത്തിയ വൈറസുകളെ ഉപയോഗിക്കുകയായിരുന്നു ആദ്യപടി. കോശങ്ങളില്‍ പ്രോട്ടീന്‍ വേര്‍തിരിച്ചെടുക്കുന്ന രീതി 'വായിക്കുക' യായിരുന്നു ഈ വൈറസുകളുടെ ധര്‍മം. ഇതേ തുടര്‍ന്ന് മനുഷ്യരിലെ ചര്‍മകോശങ്ങളെ നാഡികോശങ്ങളെപ്പോലെ പെരുമാറുന്നരീതിയില് രൂപാന്തരം ചെയ്യാന്‍ കഴിയുമെന്നും തെളിഞ്ഞു.
ചര്‍മകോശങ്ങളുടെ ധര്മത്തില് മാത്രം മാറ്റം വരുത്തുകയല്ല,മറിച്ച് അവയെ തലച്ചോറില്‍ മാത്രം കാണാപ്പെടുന്ന നാഡീകോശങ്ങളായി മാറ്റുകയാണ് ചെയ്തതെന്ന് ശാസ്ത്രസംഘത്തിലെ അംഗവും കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് പ്രൊഫസറുമായ മാരിയസ് വെര്ണിങ്ങ് പറഞ്ഞു. തലച്ചോറിനെ ബാധിക്കുന്ന ചില രോഗങ്ങള്‍ക്ക് പരിഹാരമേകാന്‍ പുതിയ കണ്ടുപിടിത്തത്തിന് കഴിയുമെന്നും വെര്ണിങ്ങ് കൂട്ടിച്ചേര്‍ത്തു.രോഗിയുടെ ചര്‍മകോശങ്ങള്‍ തന്നെ ഉപയോഗിച്ച് തലച്ചോറിലെ രോഗാതുരമായ കോശങ്ങള്‍ക്ക് പകരം വയ്ക്കാവുന്ന നാഡീകോശങ്ങള്‍ സൃഷ്ടിക്കാന്‍ ഇതുവഴി കഴിയും.രോഗിയുടെതന്നെ ചര്‍മകോശങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ഏറ്റവും അനുയോജ്യമായ നാഡികോശങ്ങള്തന്നെ പുന:സൃഷ്ടിക്കാമെന്ന മെച്ചവുമുണ്ട്.
ഡോ. ഒ.കെ മുരളീകൃഷ്ണന്